Join News @ Iritty Whats App Group

ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ നടത്തണം; ഇരിട്ടി താലൂക്ക് വികസന സമിതി


ഇരട്ടി: കാലവർഷത്തിന് മുന്നോടിയായി ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വഴിയരികിൽ നിൽക്കുന്ന അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചു നീക്കാൻ നടപടി സ്വീകരിക്കണം. ഇക്കാര്യം ട്രീ കമ്മിറ്റികൾ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കുന്നതിനായി കലക്ടറെ തഹസിൽദാർ വിവരം ധരിപ്പിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തിനു മുകളിൽ കഴിഞ്ഞദിവസം തന്തോട് വെച്ച് മരം വീണതുൾപ്പെടെ ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് (എം) പ്രതിനിധി വിപിൻ തോമസ് വിഷയം ഉന്നയിച്ചപ്പോൾ ആയിരുന്നു ഈ തീരുമാനം.
 അത്തിക്കുന്നിൽ നിന്ന് ഒഴുകിവരുന്ന വെള്ളം ഒഴുകിപ്പോകാൻ തക്കവണ്ണമുള്ള ഓവുചാല്‍ സംവിധാനം ഇല്ലാത്തതും ഉള്ള ഓവുചാൽ അടഞ്ഞിരിക്കുന്നതും സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് നിലവിലുള്ള തോട് ചെറുതാക്കിയതും ഇരട്ടി പഴഞ്ചേരി മുക്കിനെ ഇനിയും മഴക്കാലത്ത് വെള്ളത്തിനടിയിലാക്കുമെന്ന് ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ, കോൺഗ്രസ് പ്രതിനിധി പി. കെ. ജനാർദ്ദനൻ, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ദിവാകരൻ എന്നിവർ ചൂണ്ടിക്കാട്ടി.  
സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന്റെ അപാകതകൾ മൂലം ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ നഗരസഭയെ കൊണ്ട് പണം മുടപ്പിക്കുന്നത് ശരിയല്ലെന്ന് ലീഗ് പ്രതിനിധി ഇബ്രാഹിം മുണ്ടേരിയും ചൂണ്ടിക്കാട്ടി. പേരാവൂർ റോഡ് ഉയർത്തിയത് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങൾ നേരത്തെ നടത്തിയിരുന്നെങ്കിലും ഓവുചാലുകളിലൂടെയും തോടിലൂടെയും വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കിയില്ലെങ്കിൽ മഴക്കാലത്ത് പഴഞ്ചേരി മുക്കിൽ ഗുരുതര സ്ഥിതിവിശേഷമാണ് സംഭവിക്കുകയെന്ന് എംഎൽഎ മുന്നറിയിപ്പ് നൽകി. ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര പ്രാധാന്യത്തോടെ ഈ വിഷയം പരിഗണിക്കണം. ആറളം വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനായി പാർശ്വഭിത്തിയുടെ അധിക നിർമ്മാണം നടപ്പാക്കുന്നതിന് ലാൻഡ് റവന്യൂ കമ്മീഷനിൽ നിന്ന് ഫണ്ട് ലഭിക്കാത്ത സാഹചര്യമുണ്ടായാൽ എംഎൽഎ ഫണ്ട് ഉപയോഗപ്പെടുത്താമെന്ന് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കഴിഞ്ഞ യോഗത്തിൽ ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജേഷ് ഉന്നയിച്ച കാര്യത്തിൽ നടപടിക്രമങ്ങൾ ചർച്ച ചെയ്യുമ്പോഴായിരുന്നു ഈ തീരുമാനം.
 അമ്പായത്തോട് - പാൽചൂരം റോഡ് പണി പൂർണമായിട്ടില്ലെന്നും കാടുവയക്കൽ നടത്തിയിട്ടില്ലെന്നും കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ചൂണ്ടിക്കാട്ടി. നിർദ്ദിഷ്ട റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തതായും അവശേഷിച്ച പ്രവർത്തികൾ മഴക്ക് ശേഷമാണ് ചെയ്യുകയെന്നും കെ ആർ എഫ് ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പി. സജിത്ത് മറുപടി നൽകി. കൊട്ടിയൂർ ഉത്സവകാലത്ത് തീർത്ഥാടകർ ഏറെ എത്തുന്ന റോഡിലെ കാടുവെട്ടൽ നടത്താത്തത് ചൂണ്ടിക്കാട്ടിയ റോയ് നമ്പൂടാകം നാളെത്തന്നെ അത് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.  
അയ്യൻകുന്ന് റീസർവ്വേ പൂർത്തീകരിക്കുകയും ആറളം വില്ലേജുകളുടെ അതിർത്തി സംബന്ധിച്ച ആശങ്ക പരിഹരിക്കുകയും ചെയ്യണമെന്ന് സിപിഐ പ്രതിനിധി ബാബുരാജ് പായം ആവശ്യപ്പെട്ടു. തുടിമരം കടുവ ഭീഷണിയിൽ ആണെന്നും ആശങ്ക അകറ്റണമെന്നും കേരള കോൺഗ്രസ് ജോസഫ് പ്രതിനിധി തോമസ് തയ്യിൽ ആവശ്യപ്പെട്ടു. നെടുമ്പൊയിൽ - പേരിയ റോഡിലെ അപകടാവസ്ഥ പരിഹരിക്കണമെന്ന് കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്ററ്യൻ ആവശ്യപ്പെട്ടു. 
പേരാവൂർ - തെരൂർ റോഡ്, കാക്കയങ്ങാട് - പാല റോഡുകളുടെ അപകടാവസ്ഥയും പരിഹരിക്കണമെന്ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രീത ദിനേശൻ ആവശ്യപ്പെട്ടു. പാലം ജംഗ്ഷനിലെ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ നന്നാക്കിയ ഉടൻ തന്നെ വീണ്ടും പ്രവർത്തനരഹിതമായിരിക്കുകയാണെന്ന് എൻ സി പി പ്രതിനിധി കെ. പി. ഷാജി പരാതി ഉന്നയിച്ചു. വഴിവിളക്കുകൾ കത്താത്തതും, സോളാർ വൈദ്യുതി ലൈറ്റുകൾ കേടായിരിക്കുന്നതും, ഇവയുടെ ബാറ്ററി വിദ്യാർത്ഥികളുടെ ഉൾപ്പെടെ ഇതിനു ചുവട്ടിലൂടെ കടന്നുപോകുന്ന ആളുകളുടെ തലയിൽ പതിക്കും വിധം അപകഭീഷണിയിലാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. മരാമത്ത് റോഡരികിലോ പൊതുവഴികളിലോ ഏതെങ്കിലും സ്വകാര്യ സ്ഥലങ്ങളിൽ നിന്ന് മണ്ണ് ഒഴുകിയെത്തി അപകട ഭീഷണിയുണ്ടാകുന്ന സാഹചര്യമുണ്ടായാൽ ഉത്തരവാദിത്തപ്പെട്ടവരെക്കൊണ്ട് അടിയന്തരമായി അവ നീക്കം ചെയ്യാനുള്ള നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണം എന്നും നിർദ്ദേശമുണ്ടായി. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഇരിട്ടി തഹസിൽദാർ സി. വി. പ്രകാശൻ, പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി, ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജേഷ്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ. ശ്രീധരൻ, പി. സി. രാമകൃഷ്ണൻ, കെ. പി. അനിൽകുമാർ വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group