Join News @ Iritty Whats App Group

തല മുതൽ കാൽപ്പാദം വരെ മുറിവുകൾ, തീരാ നോവായി നിഹാല്‍ നൗഷാദ്, പ്രതിഷേധത്തിൽ നാട്



കണ്ണൂർ : പതിനൊന്നുകാരൻ നിഹാല്‍ നൗഷാദിനെ തെരുവുനായ ആക്രമിച്ച് കടിച്ചുകൊന്നതിന്റെ തീരാ നോവിൽ തേങ്ങി കേരളം. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ, സംസാരശേഷിയില്ലാത്ത കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദിനെ ഒരു കൂട്ടം തെരുവ് നായ്ക്കൾ ആക്രമിച്ചത്. വീട്ടിൽ നിന്നും കാണാതായ കുട്ടിയെ മണിക്കൂറുകളുടെ തെരച്ചിലിനൊടുവിൽ ദേഹമാസകലം കടിയേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. 

ഓട്ടിസം ബാധിച്ച നിഹാലിനെ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. കുട്ടിക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും എട്ടരയോടെ ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തി. അരക്ക് താഴെ മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രക്തം വാർന്നാണ് മരണമെന്നാണ് പ്രഥമിക നിഗമനം. സംസാര ശേഷിയില്ലാത്തതിനാൽ നായ ആക്രമിച്ചപ്പോൾ കുട്ടിക്ക് നിലവിളിക്കാനും കഴിഞ്ഞില്ല. തലശ്ശേരി ജനറല്‍ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിദേശത്തുള്ള നൗഷാദ് മകന്‍റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group