Join News @ Iritty Whats App Group

വര്‍ക്കലയില്‍ അക്രമിസംഘം ലക്ഷ്യംവെച്ചത് വധുവിനെ ; വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പക ജിഷ്ണു പിതാവിനെ കൊന്നു തീര്‍ത്തു; മണ്‍വെട്ടിയ്ക്ക് തല വെട്ടിക്കീറി, പിന്‍ഭാഗം വെച്ച് അടിച്ചു


തിരുവനന്തപുരം: വര്‍ക്കലയില്‍ വിവാഹവീട്ടില്‍ വധുവിന്റെ പിതാവിനെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ലക്ഷ്യം വെച്ചത് ഇന്നു വിവാഹിതയാകേണ്ട ശ്രീലക്ഷ്മിയെ തന്നെയെന്ന് ബന്ധുക്കള്‍. മുന്‍പ് നടത്തിയ ഒരു വിവാഹാലോചന നിരസിച്ചതിന്റെ പേരിലുള്ള വൈരാഗ്യമാണ് ഇതെന്നും വീട്ടുകാര്‍ ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ രാത്രി ഒരു മണിയോടെയാണ് പ്രതികള്‍ അക്രമം നടത്തിയത്.

വീട്ടില്‍ പുരുഷന്മാര്‍ കുറഞ്ഞ സമയം നോക്കിയായിരുന്നു അക്രമിസംഘം എത്തിയത്. വീട്ടില്‍ ഉണ്ടായിരുന്ന സ്ത്രീകളെയെല്ലാം ഇവര്‍ മര്‍ദ്ദിച്ചു. പിതാവിന്റെ തലയില്‍ മണ്‍വെട്ടികൊണ്ട് ആദ്യം വെട്ടി മുറിവേല്‍പ്പിക്കുകയും അതിന് ശേഷം പിന്‍ഭാഗംകൊണ്ട് അടിക്കുകയും ചെയ്തു. തലയ്ക്ക് അടിയേറ്റ രാജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും അക്രമികള്‍ കാറില്‍ പിന്തുടര്‍ന്നിരുന്നതായും ഇവര്‍ പറയുന്നു.

വടശ്ശേരിക്കോണം സ്വദേശികളായ ജിഷ്ണു, ജിജിന്‍, ശ്യാം, മനു എന്നിവരാണ് പ്രതികള്‍. രണ്ടുവര്‍ഷം മുമ്പാണ് ജിഷ്ണു പെണ്‍കുട്ടിയെ വിവാഹം ആലോചിച്ചത്. താല്‍പ്പര്യമില്ലെന്ന് അറിയിച്ചപ്പോള്‍ എന്നെങ്കിലും നീ വിവാഹം കഴിക്കുമ്പോള്‍ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. പ്രതിയുടെ പശ്ചാത്തലമൊക്കെ അറിയാവുന്നതിനാലാണ് വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. നീ ആര്‍ക്കൊപ്പം സുഖമായി ജീവിക്കില്ലെന്ന് പെണ്‍കുട്ടിയെ ജിഷ്ണു ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പറഞ്ഞു.

എംഎസ് സി വിദ്യാര്‍ത്ഥിനി കൂടിയായ പെണ്‍കുട്ടിയെയും അക്രമിയെ പിടിച്ചുമാറ്റാന്‍ എത്തിയ മാതാവ് അടക്കമുളള എല്ലാവരെയും അക്രമിസംഘം മര്‍ദ്ദിച്ചു. വിവാഹപ്പന്തലിലെ കസേരകള്‍ക്കും മറ്റും കേടുപാട് വരുത്തുകയും ചെയ്തു. സംഘം ആദ്യം അക്രമിച്ചത് വധുവിനെ തന്നെയായിരുന്നു. പ്രതികളെ പിടിച്ചുമാറ്റാന്‍ എത്തിയപ്പോഴാണ് പിതാവിന്റെ തലയ്ക്ക് മണ്‍വെട്ടി കൊണ്ടു വെട്ടിയതും പിടിച്ചതും. രാജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പിന്തുടര്‍ന്ന പ്രതികള്‍ മരിച്ചെന്ന് മനസ്സിലായതോടെ മുങ്ങാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇവരെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. പരിക്കേറ്റ ഒരു ബന്ധുവിന്റെ തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ആറ് കുത്തിക്കെട്ടിന്റെ മുറിവുണ്ടെന്നുമാണ് വിവരം.

ജിഷ്ണു നിരവധി കേസുകളില്‍ പ്രതിയും മയക്കുമരുന്നിന് അടിമയുമാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഇത്തരം പശ്ചാത്തലങ്ങളൊക്കെ മനസ്സിലാക്കിയാണ് പെണ്‍കുട്ടി ആദ്യം തന്നെ വിവാഹാലോചന നിരസിച്ചതെന്നാണ് സൂചനകള്‍. 20 വര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലെത്തിയ രാജു ഓട്ടോ ഓടിച്ചായിരുന്നു കുടുംബം പോറ്റിയിരുന്നത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയപ്പോള്‍ തന്നെ പോലീസില്‍ പരാതി നല്‍കാമെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നെങ്കിലും രാജു തന്നെയാണ് വേണ്ടെന്ന് തീരുമാനിച്ചതും.

Post a Comment

Previous Post Next Post
Join Our Whats App Group