കൊച്ചി∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് തന്റെ കേസുമായി യാതൊരു ബന്ധവുമില്ലെന്നു പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യപ്രതി മോൻസൻ മാവുങ്കൽ. മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിത്. ശരിയായി അന്വേഷിച്ചാൽ ഡിഐജി വരെ അകത്താകും. എല്ലാ വിവരങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയെന്നും മോൻസൻ പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ വരുന്നതിനിടെയായിരുന്നു മോൻസന്റെ പ്രതികരണം.
പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനക്കുറ്റം ചുമത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിന് പിന്നാലെയാണ് പ്രതികരണം. മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം.ടി.ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്.
ജീവനക്കാരിയുടെ പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പോക്സോ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.
Post a Comment