തിരുവനന്തപുരം : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധന. ഈമാസം ഇതുവരെ 2800 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി സർക്കാർ ആശുപത്രികളിലെത്തിയത്. 877 പേർക്ക് രോഗംസ്ഥിരീകരിച്ചു. മറ്റുള്ളവർ ഫലം കാത്ത് ചികിത്സയിലാണ്.
ശരാശരി 15 പേർ വീതം ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജുകളിലെത്തുന്നുണ്ടെന്നാണ് കണക്കുകൾ. ഇതോടെ,ഐ.സി.യു, വെന്റിലേറ്റർ സംവിധാനങ്ങൾക്കും ബ്ലഡ് ബാങ്കുകളിൽ പ്ലേറ്റ്‌ലെറ്റിനും ക്ഷാമം നേരിട്ട് തുടങ്ങി.
കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ 8000 അധികംപനി ബാധിതരാണ് കൊച്ചിയിൽ പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 190 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ മാസം മാത്രം മരിച്ചത് 8 പേർ. വെള്ളക്കെട്ടുകളും, മാലിന്യങ്ങളുമാണ് പകർച്ചവ്യാധി പടരാൻ കാരണം. പ്രതിരോധ നടപടികൾ ഊർജിതമാക്കൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ജില്ല ഭരണകൂടം നിർദ്ദേശം നൽകി.
വെസ്റ്റ് നൈൽ വൈറസും ജില്ലയിൽ സ്ഥിരീകരിച്ചു. കുമ്പളങ്ങി സ്വദേശിയുടെ മരണ കാരണം വെസ്റ്റ് നൈൽ വൈറസ് എന്നാണ് കണ്ടെത്തൽ. എലിപനി, എച്ച് 1 എൻ 1, വൈറൽ പനി എന്നിവയും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പനി ബാധിച്ചാൽ സ്വയം ചികിത്സ ഒഴിവാക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശം.
Post a Comment