Join News @ Iritty Whats App Group

'മക്കളെ വളർത്താൻ ഒരുപാട് സഹിച്ചു'; അമ്മയുടെ ഓർമക്കായി 5 കോടി രൂപ ചെലവില്‍ താജ് മഹൽ നിർമിച്ച് മകൻ


ചെന്നൈ: അമ്മയുടെ സ്മരണക്കായി അ‍ഞ്ച് കോടി രൂപ ചെലവാക്കി താജ് മഹലിന്റെ മാതൃകയിൽ സ്മാരകം നിർമിച്ച് യുവാവ്. തമിഴ്നാട് തിരുവാരൂർ ജില്ലയിലെ അമ്മയ്യപ്പൻ സ്വദേശിയായ അമറുദ്ദീൻ ഷെയ്ഖ് ദാവൂദാണ് സ്മാരം നിർമിച്ചത്. ചെന്നൈയിൽ ഹാർഡ് വെയർ സ്ഥാപനം നടത്തിയിരുന്ന പിതാവ് അബ്ദുൾ ഖാദറിന്റെ മരണ ശേഷം അമ്മ ജൈലാനി ബീവി മക്കളെ വളർത്താൻ നന്നായി കഷ്ടപ്പെട്ടെന്ന് മകൻ പറയുന്നു. നാല് പെൺമക്കളും ഒരു മകനുമാണ് ഇവർക്കുണ്ടായിരുന്നത്. അബ്ദുൽ ഖാദർ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ അമറുദ്ദീൻ ഷെയ്ഖ് ദാവൂദിന് വെറും പതിനൊന്ന് വയസ്സായിരുന്നു പ്രായം.

പിതാവിന്റെ മരണ ശേഷം ജൈലാനി ബീവി തന്റെ കുട്ടികളെ വളർത്താനായി ഒറ്റയ്ക്ക് കട കൈകാര്യം ചെയ്തു. അപാരമായ ശക്തിയും അർപ്പണബോധവും പ്രകടിപ്പിച്ചെന്നും മകൻ ഓർത്തെടുക്കുന്നു. ബിഎ ബിരുദം പൂർത്തിയാക്കിയ അമറുദ്ദീൻ ഷെയ്ഖ് ദാവൂദ് ചെന്നൈയിൽ ബിസിനസ് നടത്തുകയാണ്. ജൈലാനി ബീവി അന്തരിച്ചപ്പോൾ, തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരാഞ്ജലിയായി ഒരു സ്മാരക ഭവനം നിർമ്മിക്കാൻ അമറുദ്ദീൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് താജ്മഹലിന്റെ ആലോചനയിലേക്കെത്തുന്നത്. നിർമ്മാണത്തിനായി രാജസ്ഥാനിൽ നിന്ന് മാർബിൾ ഇറക്കുകയും വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരുകയും ചെയ്തു.

രണ്ട് വർഷമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. അത് ജൂൺ 2 ന് പൊതുജനങ്ങൾക്കായി തുറന്നു. എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് സന്ദർശിക്കാനും ആദരാഞ്ജലികൾ അർപ്പിക്കാനും എത്താം. പത്ത് വിദ്യാർത്ഥികൾക്ക് താമസിക്കാനും സൗകര്യമുണ്ട്. നിരവധി സന്ദർശകരാണ് താജ് മഹൽ കാണാനെത്തുന്നത്. അമാവാസി ദിനത്തിൽ ഉമ്മ മരിച്ചതിനാൽ എല്ലാ അമാവാസിയിലും 1000 പേർക്ക് സ്വയം പാകം ചെയ്ത ബിരിയാണിയും ഇയാൾ വിതരണം ചെയ്യുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group