Join News @ Iritty Whats App Group

കണ്ണൂരില്‍ പകര്‍ച്ചപ്പനി വ്യാപകം; ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയത് 5,102 പേര്‍


കണ്ണൂര്‍: മഴക്കാലം തുടങ്ങിയതോ‌ടെ ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 5,102 പേരാണ് ചികിത്സതേടിയത്.

ജൂണ്‍ 16 മുതല്‍ 21 വരെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ കണക്കാണിത്. സ്വകാര്യ ആശുപത്രിയില്‍ ദിനം പ്രതി ആയിരത്തിലധികം ആളുകളാണ് പനി ബാധിച്ച്‌ ചികിത്സതേടുന്നത്.

കൂടുതലും വൈറല്‍ പനിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും എലിപ്പനി, ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തുന്നവരും ഉണ്ട്. കൂടാതെ ജലദോഷം, തൊണ്ട വേദന, ചുമ, കഫക്കെട്ട്, നടുവേദന, വയറിളക്കം തുടങ്ങിയ രോഗങ്ങളുമുണ്ട്. മലയോര പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍‌ട്ട് ചെയ്തിട്ടുണ്ട്. ദിനംപ്രതിയുള്ള കണക്കു പരിശോധിക്കുമ്ബോള്‍ പനിക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്.

ഈ മാസം 16ന് 743 പേര്‍ ചികിത്സ തേടിയപ്പോള്‍ 17- 798, 18- 544, 19-1076, 20- 941, 21-1000 എന്നിങ്ങനെയാണ് പനിബാധിച്ച ചികിത്സക്കെത്തിയവരുടെ കണക്ക്. ഈ മാസം രണ്ടുമുതല്‍ ജില്ലയില്‍ പനി ക്ലിനിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. താലൂക്ക് ആശുപത്രികള്‍ മുതലുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലാണ് പനി ക്ലിനിക്ക് തുടങ്ങിയത്. ഇതുവരെ പനി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. 

ഡെങ്കിയും എലിപ്പനിയും

കഴിഞ്ഞ ഒരാഴ്ചടക്കിടയില്‍ ജില്ലയില്‍ മൂന്നുപേര്‍ക്ക് ഡെങ്കിപ്പനിയും രണ്ടുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. വേങ്ങാട്, ശ്രീകണ്ഠാപുരം, ഉളിക്കല്‍ എന്നീ ഭാഗങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

അഴീക്കോട് ഭാഗത്താണ് എലിപ്പനി സ്ഥിരീകരിച്ചത്. ജില്ലയില്‍ ഈവര്‍ഷം ഇതുവരെ 25 പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതിയിലും മറ്റും ജോലി ചെയ്യുന്നവരും മലിനജലവുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും പ്രതിരോധ ചികിത്സ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group