Join News @ Iritty Whats App Group

പണി പോയതിന്റെ പക; 500 പേർക്ക് പണികൊടുക്കാൻ ഓഫീസിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിയുമായി മലയാളി യുവാവ്


ബംഗളുരുവിലെ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ മലയാളി യുവാവിനെതിരെ കേസ്. ഓഫീസിൽ നിന്ന് തന്നെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് വ്യാജ ഭീഷണിയുമായി യുവാവ് രംഗത്തെത്തിയത്. ബംഗളുരുവിലെ ആര്‍എംഇസഡ് എക്കോസ്‌പേസ് ബിസിനസ് പാര്‍ക്കിലെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഓഫീസിലാണ് യുവാവ് ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയത്. ഇന്നലെ ( ജൂണ്‍ 13) ആയിരുന്നു സംഭവം.

പ്രസാദ് നവനീത് എന്ന മലയാളി യുവാവാണ് വ്യാജഭീഷണിയ്ക്ക് പിന്നില്‍. കമ്പനിയിൽ സീനിയര്‍ അസോസിയേറ്റായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.

”ജോലിയിലെ മോശം പ്രകടനത്തിനെ തുടർന്ന് പ്രസാദിനോട് രാജിവെയ്ക്കാന്‍അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ചയോടെ ഇദ്ദേഹം തന്റെ മൊബൈലില്‍ നിന്ന് പല തവണ ഓഫീസിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ കോള്‍ കണക്ട് ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിളിച്ച പ്രസാദ് ഓഫീസില്‍ താന്‍ ബോംബ് വെച്ചിട്ടുണ്ടെന്നും ഏത് നിമിഷവും ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തി,” ബെല്ലാന്തൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മലയാളിയായ പ്രസാദ് ബൈപ്പനഹള്ളിയിലാണ് താമസിക്കുന്നത്. ഇദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയുടെ അനുമതി ലഭിക്കുന്നയുടൻ പ്രസാദിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

” ജോലി പോയതിനുശേഷം പ്രസാദ് ആകെ സമ്മര്‍ദ്ദത്തിലായിരുന്നു. തന്നെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് മനസിലാക്കിയ പ്രസാദ് ചൊവ്വാഴ്ച ഓഫീസിൽ പോയിരുന്നില്ല,” പോലീസ് പറഞ്ഞു.

പ്രസാദിന്റെ ഭീഷണി സന്ദേശം ലഭിച്ചപ്പോള്‍ തന്നെകമ്പനി അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമായി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി ഏകദേശം 500ലധികം ജീവനക്കാരെ ടെക്‌നോ പാര്‍ക്കില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group