പാലക്കാട്: കാറില്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കുറ്റത്തിന് പിഴ ചുമത്തി ക്യാമറ ദൃശ്യം സഹിതം മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. പാലക്കാട് പുതുപ്പരിയാരം കളത്തില്‍ വീട്ടില്‍ എസ്. അനിലിനാണ് നോട്ടീസ് കിട്ടിയത്. അനിലിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍.09 എ.എ. 5391 നമ്പര്‍ വാഹനം മാരുതി ആള്‍ട്ടോ കാറാണ്.
ഈ നമ്പര്‍ രേഖപ്പെടുത്തി ഒരു ഇരുചക്രവാഹനത്തിന്റെ ചിത്രം സഹിതമാണ് മോട്ടോര്‍ വാഹന വകുപ്പ് ഇ-ചലാന്‍ അയച്ചത്. എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്തി തുടങ്ങിയ ജൂണ്‍ അഞ്ചിന് മണപ്പുള്ളിക്കാവില്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞ ദൃശ്യം എന്ന് രേഖപ്പെടുത്തിയാണ് നോട്ടീസ്.
ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് നോട്ടീസ് കിട്ടി 30 ദിവസത്തിനകം 500 രൂപ പിഴ അടയ്ക്കണമെന്നാണ് നിര്‍ദേശം. നോട്ടീസില്‍ പറയുന്ന നമ്പറിലുള്ള വാഹനം കാറാണെങ്കിലും ഇ ചലാന്‍ അവഗണിച്ചാല്‍ തുടര്‍നടപടികള്‍ നേരിടേണ്ടി വരുമെന്നതിനാല്‍ ഉടമ മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ സമീപിച്ചു. കാറിന്റെ ആര്‍.സിയുടെ പകര്‍പ്പ് വാങ്ങി ഇനി കുഴപ്പംവരില്ലെന്ന് പറഞ്ഞാണ് മടക്കിയതെന്ന് അനില്‍ പറയുന്നു.
പരിവാഹന്‍ െസെറ്റില്‍ പരിശോധിച്ചാല്‍ വാഹനം സംബന്ധിച്ച വിവരം ലഭിക്കുമെന്നിരിക്കെയാണ് ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുന്നത്. കുറ്റം ചെയ്തിട്ടില്ലെങ്കിലും ഇ-ചലാന്‍ തയ്യാറാക്കിയ സാഹചര്യത്തില്‍ പിന്നീട് വാഹനം ബ്ലാക്ക് ലിസ്റ്റില്‍പെടുമോ എന്ന ആശങ്കയും ഉടമകള്‍ക്കുണ്ട്.
Post a Comment