Join News @ Iritty Whats App Group

ഇനി ഉമീനീരുപയോഗിച്ച് ഗര്‍ഭധാരണം മനസിലാക്കാം; 5-10 മിനുറ്റില്‍ ഫലം അറിയും...


സാധാരണഗതിയില്‍ ഗര്‍ഭധാരണം നടന്നിട്ടുണ്ടോ എന്നറിയുവാൻ മൂത്ര പരിശോധനയാണ് നടത്താറ്. ഇതിനുള്ള കിറ്റ് ഇന്ന് മെഡിക്കല്‍ സ്റ്റോറുകളിലെല്ലാം ലഭ്യമാണ്. പണ്ടത്തെ സാഹചര്യങ്ങളെ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഈ രീതി തന്നെ ഏറെ സൗകര്യപ്രദമാണ്.

എന്നാല്‍ ഇതിനെക്കാളും സൗകര്യപ്രദമായൊരു പരിശോധനാരീതി ലോകത്തിന് പരിചയപ്പെടുത്തുകയാണ് ഒരു സംഘം ഗവേഷകര്‍. ഉമിനീരുപയോഗിച്ച് വളരെ പെട്ടെന്ന് ഗര്‍ഭധാരണം മനസിലാക്കാൻ കഴിയുന്നതാണ് ഈ ടെസ്റ്റ്. 'സാലിസ്റ്റിക്' എന്നാണ് ഈ ടെസ്റ്റിനെ വിശേഷിപ്പിക്കുന്നത്. 

ജറുസലേമില്‍ നിന്നുള്ള 'സാലിഗ്നോസ്റ്റിക്സ്' എന്ന സ്റ്റാര്‍ട്ടപ്പിലെ ഗവേഷകരാണ് 'സാലിസ്റ്റിക്' എന്ന വിപ്ലവകരമായ ടെസ്റ്റ് രീതി വികസിപ്പിച്ചെടുത്തിരിക്കുന്നത്. വളരെ കൃത്യമായ ഫലമാണ് ഈ ടെസ്റ്റില്‍ നിന്ന് ലഭിക്കുകയെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. അതുപോലെ തന്നെ ഗര്‍ഭധാരണത്തിന്‍റെ വളരെ നേരത്തെയുള്ള ഘട്ടങ്ങളില്‍ തന്നെ ടെസ്റ്റ് പ്രയോജനപ്രദമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ചെവിയിലിടാൻ ഉപയോഗിക്കുന്ന ബഡ്സ് പോലൊരു സ്റ്റിക്കാണ് ഈ കിറ്റിലുണ്ടാവുന്ന ഒരുപകരണം. ഇത് താപനില നോക്കാൻ തെര്‍മോമീറ്റര്‍ ഉപയോഗിക്കുന്നത് പോലെ വായില്‍ അല്‍പസമയം വയ്ക്കുക. ശേഷം കിറ്റിലുള്ള പ്ലാസ്റ്റിക് ട്യൂബിലേക്ക് ഇത് മാറ്റണം. ഇതിനകത്ത് വച്ച് നടക്കുന്ന ബയോകെമിക്കല്‍ റിയാക്ഷനിലൂടെയാണ് ഗര്‍ഭധാരണം നടന്നിട്ടുണ്ടോ ഇല്ലയോ എന്നത് തിരിച്ചറിയാൻ സാധിക്കുക. അഞ്ച് മുതല്‍ പതിനഞ്ച് മിനുറ്റ് വരെയാണ് ഫലം വരാനെടുക്കുന്ന സമയം. 

ഉമിനീരുപയോഗിച്ചാണല്ലോ നമ്മള്‍ കൊവിഡ് പരിശോധന നടത്തുന്നത്. ഇതേ ടെക്നോളജിയെ അടിസ്ഥാനപ്പെടുത്തിയാണത്രേ ഗവേഷകര്‍ സാലിസ്റ്റിക്കും വികസിപ്പിച്ചെടുത്തിരിക്കുന്നത്. 

എല്ലാ പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം ഇപ്പോള്‍ സാലിസ്റ്റിക് വിപണിയിലെത്തുകയാണ്. യുകെയിലും അയര്‍ലൻഡിസുമാണ് ആദ്യം ഈ ടെസ്റ്റ് കിറ്റ് വിപണിയിലെത്തുക. യുഎസിലും വൈകാതെ മാര്‍ക്കറ്റിലേക്ക് ഈ പുത്തൻ ടെസ്റ്റ് കിറ്റ് എത്തുമെന്നാണ് സൂചന. മറ്റ് രാജ്യങ്ങളിലെ വിപണിയെ കുറിച്ച് ഇതുവരെ വ്യക്തമായിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group