മക്ക: വളാഞ്ചേരിയില്‍ നിന്ന് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി മലയാളി യുവാവ് ശിഹാബ് ചോറ്റൂർ കാല്‍നടയായി ഒടുവില്‍ മക്കയിലെത്തി. പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് രാജ്യങ്ങള്‍ പിന്നിട്ട് കഴിഞ്ഞ മാസമാണ് ശിഹാബ് സൌദി അറേബ്യയിലെ മദീനയിലെത്തിയത്. 21 ദിവസത്തോളം മദീനയില്‍ ചെലവഴിച്ച ശേഷമാണ് ശിഹാബ് മക്കയിലേക്ക് പുറപ്പെട്ടത്. മദീനയില് നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ ദൂരം 9 ദിവസം കൊണ്ടാണ് ശിഹാബ് പിന്നിട്ടത്.
കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നത്തിന് തൊട്ട് അടുത്ത് എത്തിയ ശിഹാബ് ഉംറ നിര്‍വ്വഹിച്ചു. നാട്ടില്‍ നിന്ന് മാതാവ് സൈനബ എത്തിയ ശേഷമാകും ശിഹാബ് ഹജ്ജ് ചെയ്യുക. 2022 ജൂൺ രണ്ടിനാണ് കാൽ നടയായി ശിഹാബ് ചോറ്റൂർ ഹജ്ജ് യാത്ര തുടങ്ങിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സെപ്റ്റംബറിൽ ഇന്ത്യൻ അതിർത്തിയിലെത്തിയ ശിഹാബിന്റെ യാത്ര പ്രതിസന്ധിയിലായിരുന്നു. പാകിസ്ഥാനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്.
ട്രാന്‍സിറ്റ് വിസ ലഭിക്കാനായാണ് ശിഹാബിന് കാലതാമസം നേരിട്ടത്. വാഗ അർത്തിയിലെ ആഫിയ സ്‌കൂളിൽ നാല് മാസത്തോളം തങ്ങിയ ശേഷമാണ് പാകിസ്ഥാൻ ട്രാന്‍സിറ്റ് വിസ അനുവദിച്ചതും പാകിസ്ഥാനിലേക്ക് കടന്നതും. പാകിസ്ഥാനിലൂടെ തുടർന്ന യാത്ര പിന്നീട് ഇറാനിൽ എത്തി. രാജ്യ സുരക്ഷയുടെ പ്രശ്‌നം കാരണം വിമാനം വഴിയാണ് ഇറാനിലേക്ക് എത്തിയത്. 2023 - ലെ ഹജ്ജിന്‍റെ ഭാഗമാകാന്‍ 8640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനായിരുന്നു കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂർ യാത്ര ആരംഭിച്ചത്.
Post a Comment