സ്വന്തം ഇരട്ടയെ വയറ്റിൽ ചുമന്ന് ഒരാൾ ജീവിച്ചത് 36 വർഷം. നാഗ്പൂരിലെ സഞ്ജു ഭഗത് എന്നയാളാണ് ശാസ്ത്രലോകത്തിന് അത്ഭുതമായത്. പൂർണ ഗർഭിണിയായ സ്ത്രീയുടേതിന് സമാനമായ വയറുമായിട്ടായിരുന്നു സഞ്ജു ജീവിച്ചത്. 1963 ൽ ജനിച്ച സഞ്ജു കൂട്ടുകാർക്കിടിയിലും നാട്ടുകാർക്കിടിയലും ‘ഗർഭിണിയായ പുരുഷൻ’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
അതിവിചിത്രമെന്ന് തോന്നുന്ന സംഭവ കഥയാണ് ഇദ്ദേഹത്തിന്റേത്. കുട്ടിക്കാലത്ത് ആരോഗ്യവാനായിരുന്നെങ്കിലും സമപ്രായക്കാരായ കുട്ടികളിൽ നിന്ന് അൽപം കൂടി വലിയ വയറായിരുന്നു സഞ്ജുവിന്റേത്. എന്നാൽ, അന്ന് അതൊന്നും വീട്ടുകാർ ശ്രദ്ധിച്ചില്ല. ഇരുപത് വയസ്സിനു ശേഷമാണ് സഞ്ജുവിന് തന്റെ വളർന്നു കൊണ്ടിരുന്ന വയർ ഒരു പ്രശ്നമായി തുടങ്ങിയത്.
കർഷകനായിരുന്ന സഞ്ജു ആദ്യമൊന്നും ഇത് അത്ര കാര്യമാക്കിയിരുന്നില്ല. ദരിദ്ര കുടുംബത്തെ പുലർത്തേണ്ട ഉത്തരവാദിത്തം സ്വന്തം ചുമലിലായതിനാൽ ആരോഗ്യകാര്യത്തിൽ അത്ര ശ്രദ്ധ പുലർത്തിയിരുന്നില്ല. ഇതിനിടയിൽ ബലൂൺ പോലെ വയർ വലുതാകാനും തുടങ്ങി. ഇത് കൂട്ടുകാർക്കിടയിലും നാട്ടുകാർക്കിടിയലും പരിഹാസത്തിനും കാരണമായി.
ഒടുവിൽ വീർത്തു വന്ന വയർ കാരണം ശ്വസനം പോലും പ്രയാസമായതോടെയാണ് സഞ്ജു ഡോക്ടറെ സമീപിക്കുന്നത്. 1999 ലായിരുന്നു ഇത്. സഞ്ജുവിനെ പരിശോധിച്ച മുംബൈയിലെ ഡോക്ടർ അജയ് മേഹ്ത ആദ്യം കരുതിയത് വയറ്റിൽ ട്യൂമർ എന്നായിരിക്കുമെന്നാണ്. എന്നാൽ, കൂടുതൽ പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ ഡോക്ടറെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
സഞ്ജുവിന്റെ വയറ്റിനുള്ളിൽ മറ്റൊരാൾ കൂടിയുണ്ടെന്നായിരുന്നു ഡോക്ടറുടെ കണ്ടെത്തൽ. പരിശോധനയിൽ ഉള്ളിലുള്ള മാംസപിണ്ഡത്തിന് അവയവങ്ങൾ പോലും ഉണ്ടെന്ന കണ്ടെത്തി. കൈകാലുകൾ, ജനനേന്ദ്രിയത്തിന്റെ ചില ഭാഗം, മുടിയുടെ ചില ഭാഗം, താടിയെല്ലുകൾ എന്നിവയെല്ലാമുള്ള പാതി വളർച്ചയിലുള്ള മനുഷ്യ കുഞ്ഞിനെയാണ് ഡോ. അശോക് മെഹ്ത സഞ്ജു ഭഗത്തിന്റെ വയറ്റിൽ കണ്ടെത്തിയത്.
തന്റെ മെഡിക്കൽ കരിയറിൽ അത്ഭുതവും പരിഭ്രമവും ആശയക്കുഴപ്പവുമെല്ലാം ഒന്നിച്ചുണ്ടാക്കിയ സംഭവമായിരുന്നു ഇതെന്ന് ഡോക്ടർ പറയുന്നു.
സഞ്ജുവിന്റെ അവസ്ഥ “വാനിഷിംഗ് ട്വിൻ സിൻഡ്രോം” ആണെന്നായിരുന്നു ആദ്യം കരുതിയതെന്ന് ഡോക്ടർ പറയുന്നു. ഗർഭാവസ്ഥയിൽ ഇരട്ടകളിൽ ഒന്ന് മറ്റേ കുഞ്ഞിന്‍റെ ശരീരത്തോട് ചേരുന്ന അവസ്ഥയാണ് “വാനിഷിംഗ് ട്വിൻ സിൻഡ്രോം” . ഇത് പലപ്പോഴും മറുക് രൂപത്തില്‍ മറ്റേ കുഞ്ഞിന്‍റെ ശരീരത്തിൽ എവിടെയെങ്കിലും കാണപ്പെടാം.
എന്നാൽ, കൂടുതൽ പരിശോധനയിലാണ് fetus in fetu എന്ന അവസ്ഥയാണ് സഞ്ജു ഭഗത്തിന്റേതെന്ന് മനസ്സിലായത്. ഒരു കുഞ്ഞിന്റെ വയറ്റിൽ മറ്റൊരു കുഞ്ഞ് വളരുന്ന അവസ്ഥയാണ് ഫീറ്റസ് ഇൻ ഫീറ്റു. അഞ്ച് ലക്ഷത്തിൽ ഒരാൾക്കു മാത്രം സംഭവിക്കുന്ന അപൂർവ അവസ്ഥയാണിത്.
സഞ്ജുവിന്റെ ജനന ശേഷം അദ്ദേഹത്തിന്റെ ഇരട്ട അയാൾക്കുള്ളിൽ തന്നെ ഒരു പരാന്നഭോജിയെ പോലെ വളരുകയായിരുന്നു. എന്തായാലും ശസ്ത്രക്രിയയിലൂടെ 36 വർഷം താൻ വയറ്റിൽ ചുമന്നു നടന്ന ഇരട്ടയെ സഞ്ജു ഉപേക്ഷിച്ചു. സർജറിക്കു ശേഷം തന്റെ വയറ്റിൽ വളർന്ന മാംസപിണ്ഡത്തെ കാണേണ്ടെന്ന തീരുമാനത്തിലായിരുന്നു രോഗിയെന്നും ഡോക്ടർ പറയുന്നു.
Post a Comment