Join News @ Iritty Whats App Group

പനി ബാധിച്ച് ഇന്ന് നാല് മരണം, ഈ മാസം മാത്രം 36; സംസ്ഥാനത്ത് ഡെങ്കിയും എലിപ്പനിയും പടരുന്നു




തിരുവനന്തപുരം: മഴക്കാലം എത്തിയതോടെ സംസ്ഥാനം പനിച്ചൂടില്‍. പല ജില്ലകളിലേയും ആശുപത്രിയില്‍ ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് രോഗികള്‍ ചികിത്സയിലാണ്. അതിനിടെ ഇന്ന് പനി ബാധിച്ച് സംസ്ഥാനത്ത് നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ രണ്ട് പേര്‍ ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ഈ മാസം മാത്രം ഇതുവരെ പനി ബാധിച്ച് മരിച്ചത് 36 പേരാണ്. ഡെങ്കിപ്പനിയും എലിപ്പനിയുമാണ് സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്നത്.

ചവറ സ്വദേശി അരുണ്‍ കൃഷ്ണ, മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി അഖില എന്നിവരാണ് ഇന്ന് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശിയായ സമദ്, ചാത്തന്നൂര്‍ സെന്റ് ജോര്‍ജ് യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഭിജിത് എന്നിവര്‍ ഇന്ന് പനി ബാധിച്ചും മരിച്ചു. മൂന്ന് ദിവസമായി പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു അഭിജിത്. നില വഷളായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. ഇന്നലെ മാത്രം 133 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 298 പേരും സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെ ഏഴ് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 10 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ജൂണ്‍ മാസത്തില്‍ 1168 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

3395 പേര്‍ ഇതുവരെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ മരണങ്ങള്‍ കൂട്ടാതെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 16 പേരാണ് ഈ മാസം മരിച്ചത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം എലിപ്പനി ലക്ഷണങ്ങളോടെ എട്ട് പേരാണ് മരിച്ചിട്ടുള്ളത്. 174222 പേരാണ് ചൊവ്വാഴ്ച വൈകീട്ട് വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയിട്ടുള്ളത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group