Join News @ Iritty Whats App Group

ക്ഷേത്രത്തിന് മുന്നിലെ നിസ്‌കാരം: '30 മിനിറ്റ് നിസ്‌കരിക്കുന്നത് ആര്‍ക്കും ദോഷം ചെയ്യില്ല': ഹർജി കോടതി തള്ളി


ക്ഷേത്രത്തിന് മുന്നിലുള്ള പാതയില്‍ നിസ്‌കരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. മധുര ജില്ലയിലെ തിരുപ്പരകുണ്ടരത്തില്‍ സ്ഥിതി ചെയ്യുന്ന കാശി വിശ്വാന്തര്‍ ക്ഷേത്രത്തിന് സമീപത്തുള്ള നെല്ലിതോപ്പിലെ (പാത) നിസ്‌കാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം.

ജസ്റ്റിസ് ആര്‍. സുബ്രഹ്മണ്യന്‍, ജസ്റ്റിസ് എല്‍. വിക്ടോറിയ ഗൗരി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നെല്ലിത്തോപ്പിലെ നിസ്‌കാരം സ്റ്റേ ചെയ്യാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. കൂടാതെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റിനോട് നാലാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ ബെഞ്ച് ഉത്തരവിടുകയും ചെയ്തു.

പ്രദേശത്ത് 30 മിനിറ്റ് നിസ്‌കരിക്കുന്നതില്‍ ദോഷമില്ലെന്നും ഇത് ആരെയും വ്യക്തിപരമായി ബാധിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

അഖില ഭാരത ഹനുമാന്‍ സേനയുടെ സംസ്ഥാന സംഘടന സെക്രട്ടറി രാമലിംഗമാണ് പരാതി സമര്‍പ്പിച്ചത്. കാശി വിശ്വാന്തര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ വിശ്രമിക്കുന്ന സ്ഥലമാണ് നെല്ലിത്തോപ്പ്. അപ്പോഴാണ് സിക്കന്തര്‍ ബാദുഷ ദര്‍ഗയിലെ ജമാത്ത് അംഗങ്ങള്‍ അവിടെ നിസ്‌കരിക്കാന്‍ ആരംഭിച്ചതെന്നും രാമലിംഗത്തിന്റെ പരാതിയില്‍ പറയുന്നു.

സാധാരണ പള്ളിയ്ക്ക് മുന്നിലാണ് ജമാത്ത് അംഗങ്ങള്‍ പ്രാര്‍ത്ഥന നടത്താറുള്ളതെന്നും ഇത്തരമൊരു സംഭവം മുമ്പ് ഉണ്ടായിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. തിരുപ്പരകുണ്ടരം മലയിലാണ് സിക്കന്തര്‍ ബാദുഷ ദര്‍ഗയും സ്ഥിതി ചെയ്യുന്നത്. അവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ നിരവധി ഒഴിഞ്ഞ സ്ഥലങ്ങള്‍ വേറെയുണ്ടെന്നും പരാതിയില്‍ പറയുന്നു.

നെല്ലിത്തോപ്പില്‍ നിസ്‌കരിക്കുന്ന ജമാത്ത് അംഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നുവെന്നും നിസ്‌കാരത്തിന് ശേഷം ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവും അവിടെ ഉപേക്ഷിക്കുന്നുവെന്നും രാമലിംഗത്തിന്റെ പരാതിയില്‍ പറയുന്നു.

എന്നാൽ തിരുപ്പരകുണ്ടരം അരുള്‍മിഗു സുബ്രഹ്മണ്യ സ്വാമി തിരുക്കോവില്‍ മല മുമ്പ് സിക്കന്തര്‍ പര്‍വ്വതം (Sikkandar Mountain) എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് ജമാത്ത് അംഗങ്ങള്‍ പറയുന്നതായും ഭൂമി കൈയ്യേറി ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാനാണ് അവരുടെ ശ്രമമെന്നും രാമലിംഗത്തിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post
Join Our Whats App Group