Join News @ Iritty Whats App Group

കോലഞ്ചേരി ബസ് സ്‌റ്റോപ്പില്‍ നേരില്‍ കാണാമെന്ന് യുവതിയുടെ സന്ദേശം; ആദ്യമായി പ്രണയിനിയെ കാണാന്‍ എത്തിയ യുവാവിനെ വ്യാജ ആങ്ങളമാര്‍ പിടിച്ച് 23,000 രൂപ തട്ടി...!



ടൗണിലെ സി.സി.ടിവി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. പ്രതികള്‍ കോട്ടയത്തേക്ക് കടന്നതായി മനസിലാക്കി പോലീസ് കോട്ടയത്ത് എത്തിയപ്പോഴേയ്ക്കും ഇടറോഡുകള്‍ വഴി അവര്‍ തിരികെ കോലഞ്ചേരിയിലെത്തി.

കോലഞ്ചേരി: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണംതട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. രാമമംഗലം കിഴുമുറി കോളനി നിവാസി തൃശൂര്‍ പെരിഞനം തേരുപറമ്പില്‍ പ്രിന്‍സ് (23), ഇയാളുടെ പങ്കാളി അശ്വതി (25), ഇവര്‍ക്കൊപ്പം താമസിക്കുന്ന കൊട്ടാരക്കര നെടുവത്തൂര്‍ മൂഴിക്കോട് ആര്യഭവനില്‍ അനൂപ് (23) എന്നിവരെയാണ് പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന യുവാവിനെയാണ് മര്‍ദിച്ച് പണം കവര്‍ന്നത്. കോലഞ്ചേരി സ്വദേശിനിയെന്നു പരിചയപ്പെടുത്തിയാണ് യുവാവുമായി അനു സൗഹൃദം സ്ഥാപിച്ചത്. ബംഗളുരുവില്‍ കോളജില്‍ പഠിക്കുകയാണെന്നും നാട്ടിലുണ്ടെന്നും വന്നാല്‍ നേരില്‍ കാണാമെന്നും സന്ദേശമയച്ചു. യുവാവ് കോലഞ്ചേരിയിലെ ബസ് സ്‌റ്റോപ്പിലെത്തി. ഈ സമയം കാറിലെത്തിയ പ്രിന്‍സും അനൂപും നിങ്ങള്‍ ഒരു പെണ്‍കുട്ടിക്ക് മെസേജ് അയച്ചിരുന്നോ എന്ന് യുവാവിനോട് ചോദിച്ചു.

പെണ്‍കുട്ടിയുടെ സഹോദരന്മാര്‍ ആണെന്നു പറഞ്ഞ് യുവാവിനെ വലിച്ചിഴച്ചു കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സഹോദരിക്ക് മെസേജ് അയച്ചതിന് പോലീസില്‍ പരാതി കൊടുക്കുമെന്ന് പറഞ്ഞ് മര്‍ദിച്ചു. കത്തിയും കമ്പിയും കാട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് 23000 രൂപ അക്കൗണ്ട് വഴി വാങ്ങി. പഴ്‌സിലെ പണവും കവര്‍ന്നെടുത്തശേഷം റോഡില്‍ ഉപേക്ഷിച്ചു കടക്കുകയായിരുന്നു. സുഹൃത്തുക്കളോട് യുവാവ് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് സുഹൃത്തുക്കള്‍ വഴി പരാതി നല്‍കുകയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം പുത്തന്‍കുരിശ് ഡിെവെ.എസ്.പി: ടി.പി. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ടൗണിലെ സി.സി.ടിവി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. പ്രതികള്‍ കോട്ടയത്തേക്ക് കടന്നതായി മനസിലാക്കി പോലീസ് കോട്ടയത്ത് എത്തിയപ്പോഴേയ്ക്കും ഇടറോഡുകള്‍ വഴി അവര്‍ തിരികെ കോലഞ്ചേരിയിലെത്തി.

സംസ്ഥാനം വിടുകയായിരുന്നു ലക്ഷ്യം. പിന്തുടര്‍ന്ന പോലീസ് കോലഞ്ചേരിയിലെത്തി കീഴടക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ വാഹനം വെട്ടിച്ച് രാമമംഗലം ഭാഗത്തേക്ക് കടന്നു. പിന്നീട് രാമമംഗലം പാലത്തിനു സമീപംവച്ച് സാഹസികമായി കീഴടക്കുകയായിരുന്നു.

മൂന്നുപേരും വര്‍ഷങ്ങളായി ബംഗുളുരുവിലും ഗോവയിലുമായി താമസിച്ചു വരികയായിരുന്നു. 2021 മുതല്‍ ഇവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. എറണാകുളത്ത് സ്വകാര്യ കമ്പനി ജീവനക്കാരനെ ഭീഷണിപ്പെടുത്തി സ്വര്‍ണ ചെയിനും എ.ടി.എമ്മില്‍ നിന്ന് 19000 രൂപയും െകെക്കലാക്കിയതായി അന്വേഷണത്തില്‍ വെളിവായി. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തു.

സ്‌േറ്റഷന്‍ ഹൗസ് ഓഫീസര്‍ ടി. ദിലീഷ്, എസ്.ഐമാരായ കെ.എസ്. ശ്രീദേവി, വി.കെ. സജീവ്, ജി. ശശീധരന്‍, എ.എസ്.ഐമാരായ ജിബി യോഹന്നാന്‍, എം.ആര്‍. ഗിരീഷ്, സുജിത്, എസ്.സി.പി.ഒമാരായ ബി. ചന്ദ്രബോസ്, ഡിനില്‍ ദാമോധരന്‍, രാമചന്ദ്രന്‍ നായര്‍, പി.ആര്‍. അഖില്‍, ജിജു കുര്യാക്കോസ്, സി.പി.ഒമാരായ അജ്മല്‍, ആനന്ദ്, ബിന്‍സ്, രാധാകൃഷ്ണന്‍, അജയന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Post a Comment

Previous Post Next Post
Join Our Whats App Group