Join News @ Iritty Whats App Group

'2026 ഫിഫ ലോകകപ്പ് കളിക്കാനില്ല'; ആരാധകരെ നിരാശരാക്കി ലിയോണല്‍ മെസി




ബ്യൂണസ് ഐറീസ്: 2026 ഫിഫ ലോകകപ്പ് കളിക്കാന്‍ താനുണ്ടാകില്ലെന്ന് അര്‍ജന്‍റീനന്‍ ഇതിഹാസം ലിയോണല്‍ മെസി. ഖത്തറില്‍ 2022ല്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്‍റീനയെ കിരീടത്തിലേക്ക് നയിച്ച നായകനായ മെസി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലെ ഇന്‍റര്‍ മിയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് തന്‍റെ ഭാവിയെ കുറിച്ച് മനസ് തുറന്നത്. '2026 ലോകകപ്പിന് താനുണ്ടാകില്ല. ഖത്തറിലേത് തന്‍റെ അവസാന ലോകകപ്പാണ്. കാര്യങ്ങള്‍ എങ്ങനെ പോകും എന്ന് നമുക്ക് നോക്കാം. എങ്കിലും അടുത്ത ലോകകപ്പിനുണ്ടാവില്ലെന്ന് ഉറപ്പാണ്' എന്നുമാണ് മെസിയുടെ വാക്കുകള്‍.

ഖത്തറിലെ കിരീടം തന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് എന്നും ലിയോണല്‍ മെസി വ്യക്തമാക്കി. ഭാവിയെ കുറിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള അനുവാദം അര്‍ജന്‍റീനന്‍ പരിശീലകന്‍ സ്‌കലോണി മെസിക്ക് നല്‍കിയിരുന്നു. 'മെസിക്കായുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. മെസി ഇനി കളിക്കില്ലെങ്കില്‍ പകരം പദ്ധതികള്‍ തേടും. അടുത്ത ലോകകപ്പിലും മെസി കളിക്കണം എന്നാഗ്രഹമുണ്ട്. എന്നാല്‍ ആദ്യം യോഗ്യത നേടുകയാണ് മുന്നിലുള്ള ലക്ഷ്യം' എന്നും സ‌്‌കലോണി അടുത്തിടെ വ്യക്തമാക്കിയിരുന്നു. അമേരിക്കയും കാനഡയും മെക്‌സിക്കോയും ചേര്‍ന്നാണ് 2026ലെ ഫുട്ബോള്‍ ലോകകപ്പിന് വേദിയൊരുക്കുന്നത്. 

ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് വീഴ്‌ത്തിയാണ് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന കപ്പുയര്‍ത്തിയത്. ലോകകപ്പ് കരിയറില്‍ രണ്ടാം തവണ മെസി ഗോള്‍ഡന്‍ ബോള്‍ നേടിയപ്പോള്‍ കിലിയന്‍ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ടും അര്‍ജന്‍റീനന്‍ ഗോളി എമി മാര്‍ട്ടിനസ് ഗോള്‍ഡന്‍ ഗ്ലൗവും കരസ്ഥമാക്കി. എക്‌സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ നിര്‍ണായക സേവുമായി അര്‍ജന്‍റീനയുടെ എമി മാര്‍ട്ടിനസ് വിജയശില്‍പിയായി. ഫ്രാന്‍സിനായി ഹാട്രിക് നേടിയ കിലിയന്‍ എംബാപ്പെയുടെ ഒറ്റയാള്‍ പ്രകടത്തിന് ഫലമില്ലാണ്ടുപോയി.

Post a Comment

Previous Post Next Post
Join Our Whats App Group