ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലും കര്‍ണാടകത്തിലൂം നേടിയ പടുകൂറ്റന്‍ വിജയങ്ങളുടെ ആവേശത്തില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കച്ചമുറുക്കുകയാണ് കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലുങ്കാന സംസ്ഥാനങ്ങളിലെ പൊതു തെരഞ്ഞെടുപ്പില്‍ കൂടി വിജയം നേടി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെയ്ക്കുകയാണ്.
പാര്‍ട്ടിയില്‍ വലിയ അഴിച്ചുപണികളാണ് വരുന്നത്. തമിഴ്‌നാട്, ഡല്‍ഹി, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ പുതിയ പ്രസിഡന്റുമാരെ ഉടന്‍ തെരഞ്ഞെടുക്കും. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ഒഡീഷ, പുതുച്ചേരി, ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് പുതിയ നേതൃത്വം വരും. സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും ഉള്‍പ്പാര്‍ട്ടി പോര് നടത്തുന്ന രാജസ്ഥാനില്‍ പുതിയ കമ്മറ്റി നിലവില്‍ വരും. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റികളെയും ഉടന്‍ പ്രഖ്യാപിക്കും.
അടുത്ത മൂന്ന് ആഴ്ചയ്ക്കകം സംഘടനാ അഴിച്ചുപണികളെല്ലാം നടപ്പാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. പേരുകളും സ്ഥാനങ്ങളും തീരുമാനത്തിലുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഗേയും അമേരിക്കന്‍ പര്യടനത്തിന് പോയിട്ടുള്ള രാഹുല്‍ഗാന്ധിയും ഒരുമിച്ച് ചേര്‍ന്ന് അവസാന വിളി നടത്തുക മാത്രമാണ് ബാക്കിയുള്ളത്. പ്രിയങ്കാഗാന്ധിക്ക് നിര്‍ണ്ണായക ചുമതല വരുമെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലുങ്കാന പ്രിയങ്കാഗാന്ധിയ്ക്ക് വലിയ ചുമതലകള്‍ നല്‍കുമെന്നാണ് കേള്‍ക്കുന്ന ഏറ്റവും പുതിയ വിവരം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കും വലിയ ചുമതലകള്‍ പ്രിയങ്കയ്ക്ക് നല്‍കിയേക്കും. ജൂണ്‍ 12 ന് മദ്ധ്യപ്രദേശിലെ ജബല്‍പൂരില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പ്രിയങ്ക ജനങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് വലിയ വിജയം വരിച്ച ഹിമാചലിലും കര്‍ണാടകത്തിലും രാഹുലിനൊപ്പം പ്രിയങ്കയും പ്രചരണത്തിനിറങ്ങിയിരുന്നു.
Ads by Google
Post a Comment