ദില്ലി: രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ പകുതിയും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ട് പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ച് 20 ദിവസത്തിന് ശേഷമാണ് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 50 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചത്. തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം 1.8 ലക്ഷം കോടി രൂപയാണ്.
85 ശതമാനം നോട്ടുകളും ബാങ്ക് നിക്ഷേപമായി തിരിച്ചെത്തിയതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 2023 മാർച്ച് 31 വരെ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുള്ളത്. സെപ്റ്റംബർ 30 വരെയാണ് നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ ഉള്ള അവസരമുള്ളത്. സെപ്റ്റംബറിലെ അവസാന 10-15 ദിവസങ്ങളിൽ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കണമെന്ന് ആർബിഐ ഗവർണർ അഭ്യർത്ഥിച്ചു. മാറ്റാൻ ആവശ്യമായ കറൻസി സെൻട്രൽ ബാങ്കിന്റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോട്ടുകൾ പിൻവലിക്കുന്നതിന് മുമ്പ് തന്നെ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം ഗണ്യമായി കുറഞ്ഞിരുന്നു. ഇത് 2018 മുതൽ 2023 വരെ 46% കുറഞ്ഞു. 2018 മാർച്ച് 31-ന് (പ്രചാരത്തിലുള്ള നോട്ടുകൾ 6.73 ലക്ഷം കോടി രൂപയിൽ നിന്ന് 3.62 ലക്ഷം കോടി രൂപയായി കുറഞ്ഞു, ഇത് മാർച്ചിൽ പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ 10.8 ശതമാനം മാത്രമായിരുന്നു.
മെയ് 19 നാണ് ആർബിഐ 2000 രൂപ നോട്ടുകളുടെ പിൻവലിക്കൽ പ്രഖ്യാപനം നടത്തിയത്. എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ ഡെപ്പോസിറ്റ് പരിധി ഒരു സമയം 20,000 രൂപയായി നിശ്ചയിച്ചിരുന്നു. 2016 നവംബറിൽ ആർബിഐ ആക്ടിന്റെ 1934-ലെ വകുപ്പ് 24(1) പ്രകാരം 2000 രൂപ നോട്ട് അവതരിപ്പിച്ചത്.
Post a Comment