Join News @ Iritty Whats App Group

പൂര്‍ത്തിയാക്കിയത് 16000 ഹൃദയ ശസ്ത്രക്രിയകള്‍; യുവഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു, ഞെട്ടല്‍!!



അഹമ്മദാബാദ്: ജാംനഗറിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ധനായ ഗൗരവ് ഗാന്ധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മെഡിക്കല്‍ ലോകം. 41 കാരനായ ഗൗരവ് ഗാന്ധി തന്റെ ചെറിയ സര്‍വീസ് കാലയളവില്‍ തന്നെ 16000 ത്തിലേറെ ഹൃദയ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി പതിവ് പോലെ ഉറങ്ങാന്‍ കിടന്നതായിരുന്നു ഗൗരവ് ഗാന്ധി. ചൊവ്വാഴ്ച രാവിലെ ഏറെ വൈകിയിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെ വീട്ടുകാര്‍ പോയി വിളിക്കുകയായിരുന്നു. ഈ സമയം അബോധാവസ്ഥയിലായിരുന്നു ഗൗരവ് ഗാന്ധി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

പാലസ് റോഡിലാണ് അപ്പാര്‍ട്ട്‌മെന്റിലാണ് ഗൗരവ് താമസിക്കുന്നത്. പതിവ് പോലെ അത്താഴം കഴിച്ച് കിടക്കാന്‍ പോയതായിരുന്നു ഗൗരവ് എന്നും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ഒരു അസ്വാസ്ഥ്യവും അനുഭവപ്പെട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. അസ്വസ്ഥത വല്ലതും ഉള്ളതായി ഗൗരവ് ഗാന്ധിയും വീട്ടുകാരോട് പറഞ്ഞിരുന്നില്ല. എല്ലാ ദിവസവും ആറ് മണിക്ക് എഴുന്നേല്‍ക്കുന്ന ഗൗരവ് ഇന്നലെ ഏഴ് മണിയായിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെയാണ് വീട്ടുകാര്‍ പോയി നോക്കുന്നത്.

അതേസമയം ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ഗൗരവ് മരിച്ചത് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അബോധാവസ്ഥയിലാണ് ഗൗരവ് ഗാന്ധിയെ ജാംനഗറിലെ എം പി ഷാ മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്. ആശുപത്രിയില്‍ എത്തിച്ച് 45 മിനിറ്റിനുള്ളില്‍ അദ്ദേഹം മരിക്കുകയായിരുന്നു എന്ന് മെഡിക്കല്‍ കോളേഡ് ഡീന്‍ ഡോ. നന്ദിനി ദേശായി പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.

എന്നാല്‍ പ്രാഥമിക നിഗമനങ്ങള്‍ സൂചിപ്പിക്കുന്നത് ഗൗരവ് ഗാന്ധിക്ക് ഹൃദയസ്തംഭനമുണ്ടായി എന്നാണെന്നും ഡോ. നന്ദിനി ദേശായി പറഞ്ഞു. ജാംനഗറില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി ഗൗരവ് ഗാന്ധി അഹമ്മദാബാദില്‍ നിന്നാണ് കാര്‍ഡിയോളജിയില്‍ വൈദഗ്ധ്യം നേടിയത്. ഹൃദയാരോഗ്യത്തെക്കുറിച്ചും പ്രതിരോധ തന്ത്രങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുന്ന 'ഹാര്‍ട്ട് അറ്റാക്ക്‌സ്' കാമ്പെയ്നില്‍ സജീവമായി പങ്കെടുത്തയാളായിരുന്നു ഗൗരവ് ഗാന്ധി.

Post a Comment

Previous Post Next Post
Join Our Whats App Group