Join News @ Iritty Whats App Group

എംജി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത 154 ബിരുദ-പിജി സർട്ടിഫിക്കറ്റുകൾ കാണാതായി




കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത 154 ബിരുദ- പിജി സർട്ടിഫിക്കറ്റുകൾ കാണാതായി. 100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പിജി സർട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷാഭവനിൽ നിന്ന് നഷ്ടമായത്. ബാർ കോഡും ഹോളോഗ്രാമും പതിച്ച സർട്ടിഫിക്കറ്റുകളാണ് കാണാതായത്. ഈ ഫോർമാറ്റുകളിൽ വിദ്യാർത്ഥിയുടെ വിവരങ്ങളും രജിസ്റ്റർ നമ്പറും ചേർത്ത് വൈസ് ചാൻസലറുടെ ഒപ്പ് പതിച്ചാൽ സർട്ടിഫിക്കറ്റ് തയാറാകും. ഫോർമാറ്റുകൾ ഉപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകൾ തയാറാക്കാനുമാകും.

രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായത് ദുരൂഹമാണ്. സെക്ഷൻ ഓഫീസർക്കാണ് ഈ ഫോർമാറ്റുകൾ സൂക്ഷിക്കാനുള്ള ചുമതല. 500 എണ്ണമുള്ള ഒരു കെട്ടായാണ് ഇവ സൂക്ഷിക്കുന്നത്. ഒരാഴ്ച മുൻപ് ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ സൂക്ഷിക്കുന്ന സെക്ഷനിലെ രജിസ്റ്റർ കാണാതായിരുന്നു. ഇത് കണ്ടെത്താനുള്ള ശ്രമത്തിനിടെ മേശയ്ക്കുള്ളിൽ സർട്ടിഫിക്കറ്റിന്റെ രണ്ട് ഫോർമാറ്റുകൾ കണ്ടെത്തി. അതോടെയാണ് കൂടുതൽ അന്വേഷണം തുടങ്ങിയത്. ഫോർമാറ്റിന്റെ കെട്ട് പരിശോധിച്ചപ്പോൾ 54 എണ്ണം ഇല്ലെന്ന് ബോധ്യമായി.

സർവകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് തയാറാക്കുന്ന എട്ട് വിഭാഗങ്ങളുണ്ട്. സര്‍ട്ടിഫിക്കറ്റുകൾ തയാറാക്കാൻ സെക്ഷൻ ഓഫീസർ ഇത് അസിസ്റ്റന്റിനെ കൈമാറുകയുമാണ് പതിവ്. ആറു ജീവനക്കാരാണ് സെക്ഷനിലുള്ളത്.

വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. സി ടി അരവിന്ദകുമാർ വിവരം സ്ഥിരീകരിച്ചു. പൊലീസിൽ പരാതി നൽകുമെന്ന് പരീക്ഷാ കൺട്രോളർ പറഞ്ഞു. എന്നാൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളുടെ എണ്ണം എത്രയാണെന്ന് ഇവർ പറയുന്നില്ല. പരീക്ഷാഭവനിലെ അന്വേഷണ റിപ്പോർട്ട് ഇന്നലെ ഉച്ചയോടെ വിസിക്കും രജിസ്ട്രാർക്കും കൈമാറി. രണ്ടു പിജി സർട്ടിഫിക്കറ്റുകൾ തിരിച്ചുകിട്ടിയെന്നും അധികൃതർ പറയുന്നു. ഇന്ന് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും.

Post a Comment

Previous Post Next Post
Join Our Whats App Group