തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം 15,000 കടന്നു. ഇന്ന് 15,493 പേര്‍ക്ക് പനി ബാധിച്ചു.
സാംക്രമിക രോഗങ്ങള്‍ ബാധിച്ച് സംസ്ഥാനത്തു ഇന്ന് എട്ട് പേര്‍ മരിച്ചു. മരണ സംഖ്യ ഉയരുന്നത് ആശങ്കയുയര്‍ത്തുന്നു. ഈ മാസം മാത്രം വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് 60 പേരാണ് മരിച്ചത്.
ഇന്ന് ഡെങ്കിപ്പനി ബാധിച്ച് ഒരാളും എലിപ്പനി ബാധിച്ച് ഒരാളും മരിച്ചതായി സ്ഥിരീകരിച്ചു. ജപ്പാൻ ജ്വരം, എച് വണ്‍ എൻ വണ്‍ ബാധിച്ചും ഓരോ മരണം സംഭവിച്ചു. കൂടാതെ രണ്ട് പേര്‍ ഡെങ്കിപ്പനിയും രണ്ട് പേര്‍ എലിപ്പനി ബാധിച്ചും മരിച്ചതായി സംശയിക്കുന്നു.
55 പേര്‍ക്ക് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 262 പേര്‍ക്ക് രോഗ ലക്ഷണവും കണ്ടെത്തി. എലിപ്പനി സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്. എട്ട് പേര്‍ക്ക് എലിപ്പനി രോഗ ലക്ഷണങ്ങള്‍. എച് വണ്‍ എൻ വണ്‍, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തമടക്കമുള്ള സാംക്രമിക രോഗങ്ങളും ഇന്ന് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ഇന്നും മലപ്പുറത്താണ് രോഗ ബാധിതര്‍ കൂടുതലുള്ളത്. 2,804 പേരാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. എറണാകുളം 1,528, തിരുവനന്തപുരം 1,264, കോഴിക്കോട് 1,366, കണ്ണൂര്‍ 1,132, കൊല്ലത്ത് 1,047. ഈ ജില്ലകളിലാണ് രോഗികളുടെ എണ്ണം ആയിരം കടന്നിട്ടുള്ളത്.
ഇതുവരെയായി സംസ്ഥാനത്ത് 1,523 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നിലവില്‍ 5,028 പേര്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുണ്ട്. 129 പേര്‍ക്ക് ഈ മാസം എലിപ്പനി സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം വരെ 13,000ത്തിനും 14,000ത്തിനും ഇടയിലായിരുന്നു രോഗ ബാധിതര്‍. ഈ കണക്കുകളാണ് ഇന്ന് 15,000 കടന്നത്. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post a Comment