ഇംഫാൽ: മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. ഈമാസം 15 വരെയാണ് നീട്ടിയത്. മെയ് മൂന്നിന് കലാപമുണ്ടായത് മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മെയ് 31 ന് ഇന്റർനെറ്റ് നിരോധനം നീട്ടിവെച്ചിരുന്നു. മെയ് 3 മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നുണ്ട്. വ്യാജവാർത്തകൾ തടയാനാണ് നടപടിയെന്ന് അധികൃതർ വിശദീകരണം നൽകിയിരുന്നു.
അതേ സമയം മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇരുഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയില്‍ വെടിവെപ്പ് ഉണ്ടായി. മണിപ്പൂരിലെ നാഗാ വിഭാഗം എംഎല്‍എമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്താൻ ഇരിക്കെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്.
മെയ്തെയ് വിഭാഗത്തിൻ്റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിൽ കലാപത്തിൽ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രതര വിഭാഗമാണ് മെയ്തെയ്. ഇവർ ഭൂരിഭാഗവും ഹിന്ദു സമുദായത്തിൽപ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരാണ്.
തങ്ങളുടെ സാമൂഹിക പിന്നോക്കവസ്ഥ പരിഗണിച്ച് പട്ടിക വർഗ്ഗ പദവി വേണമെന്ന് മെയ്തെയ് വിഭാഗക്കാർ ദീർഘനാളായി ഉയർത്തുന്ന വിഷയമാണ്. 1949 ൽ മണിപ്പൂർ ഇന്ത്യയോട് ചേരുന്നത് വരെ തങ്ങളെ ഗോത്രമായാണ് പരിഗണിച്ചിരുന്നതെന്നും എന്നാൽ അതിന് ശേഷം പദവി നഷ്ടമായെന്നും മെയ്തെയ് വാദിക്കുന്നു. എന്നാൽ ഇതിനെ നാഗ, കുക്കി വിഭാഗങ്ങൾ എതിർക്കുകയാണ്. മെയ്തെയ് വിഭാഗത്തിന് 60 അംഗ നിയമസഭയിലെ 40 സീറ്റുകളിൽ പ്രാതിനിധ്യം ഉണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. മെയ്തെയ്ക്ക് പട്ടികവർഗ പദവി ലഭിക്കുന്പോൾ തങ്ങളുടെ ജോലി സാധ്യത അടക്കം കുറയുമെന്നും നാഗ കുക്കി വിഭാഗങ്ങൾ ആരോപിക്കുന്നു.
Post a Comment