ന്യൂഡല്‍ഹി: കേരളവുമായി ബന്ധപ്പെട്ട 12 സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ഈ വര്‍ഷം സ്വകാര്യ ഹജ്ജ് ക്വാട്ട അനുവദിച്ച ശേഷം റദ്ദാക്കിയത് ഡല്‍ഹി ഹൈകോടതി മരവിപ്പിച്ചുവെങ്കിലും അത് നടപ്പാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയാറാകാതായതോടെ കേരളത്തിലെ തീര്‍ഥാടനത്തിനൊരുങ്ങിയ 1260 പേരുടെ ഹജ്ജ് യാത്ര അവസാന നിമിഷം അനിശ്ചിതത്വത്തിലായി.
വിധി നടപ്പിലാക്കണമെന്ന ഹൈകോടതിയുടെ അന്ത്യശാസനം തള്ളിയ കേന്ദ്ര സര്‍ക്കാര്‍ അതിനെതിരെ സുപ്രീംകോടതിയില്‍ വെള്ളിയാഴ്ച അപ്പീല്‍ നല്‍കിയതോടെ ഈ ഗ്രൂപ്പുകള്‍ വഴി ഹജ്ജ് യാത്രക്കായി കാത്തുനില്‍ക്കുന്നവരുടെ കാര്യം സംശയത്തിലായി.
ഹജ്ജ് തീര്‍ഥാടനം കാത്തുകഴിയുന്ന ഇത്രയുമാളുകള്‍ക്ക് അവസാന നിമിഷം അതിനുള്ള അവസരം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഡല്‍ഹി ഹൈകോടതിയിലെ ജസ്റ്റിസ് ചന്ദ്ര ധാരി സിങ്ങിന്‍റെ സിംഗിള്‍ ബെഞ്ച് കേരളവുമായി ബന്ധപ്പെട്ട 12ഉം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ചും സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് ക്വാട്ട അവസാന നിമിഷം റദ്ദാക്കിയ ഉത്തരവ് മരവിപ്പിച്ചത്.
ഒന്നാം കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി 75 സീറ്റുകള്‍ വീതമായിരുന്നു ഈ ഗ്രൂപ്പുകള്‍ക്ക് ആദ്യം അനുവദിച്ചിരുന്നത്. പിന്നീട് ഒന്നാം കാറ്റഗറിക്കാര്‍ക്ക് 105 ആക്കി ക്വാട്ട വര്‍ധിപ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കേരളവുമായി ബന്ധപ്പെട്ട 12 സ്വകാര്യ ഗ്രൂപ്പുകളും 1260 പേരില്‍ നിന്ന് അപേക്ഷയും പണവും വാങ്ങി. എന്നാല്‍ അതിനിടയിലാണ് ഈ ഗ്രൂപ്പുകള്‍ക്ക് എതിരെ പരാതികളുണ്ടെന്ന് പറഞ്ഞ് ഷോകോസ് നോട്ടീസ് അയച്ച് അടിയന്തരമായി ക്വാട്ട റദ്ദാക്കിയത്.
അതിനെതിരെ സമര്‍പ്പിച്ച ഹരജികളില്‍ ഡല്‍ഹി ഹൈകോടതി ഈ മാസം ഏഴിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. ഷോകോസ് നോട്ടീസിന് മറുപടി അയക്കുകയും കേന്ദ്ര ഉദ്യോഗസ്ഥര്‍ സ്വകാര്യ ഗ്രൂപ്പുകളുടെ ഓഫിസുകളില്‍ നേരിട്ട് വന്ന് പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷവും മരവിപ്പിച്ച ക്വാട്ട പുനഃസ്ഥാപിച്ചില്ലെന്ന് സ്വകാര്യ ഗ്രൂപ്പുകളുടെ അഭിഭാഷകര്‍ ബോധിപ്പിച്ചു.
തുടര്‍ന്ന് തീര്‍ഥാടകര്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാൻ ഇവരുടെ ലൈസൻസും ക്വാട്ടയും മരവിപ്പിച്ച നടപടി ഡല്‍ഹി ഹൈകോടതി സ്റ്റേ ചെയ്തു. ഹജ്ജ് യാത്ര ഒരു വിനോദ സഞ്ചാരമല്ലെന്നും തീര്‍ഥയാത്രയാണെന്നും ഹൈകോടതി ഉത്തരവില്‍ ഓര്‍മിപ്പിച്ചു. അതിനാല്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് ഷോകോസ് അയക്കാനിടയായ പരാതികളില്‍ അന്വേഷണം നടക്കുന്നത് അവര്‍ക്ക് പണം കൊടുത്ത് ഹജ്ജിനായി കാത്തുകഴിയുന്ന തീര്‍ഥാടകരെ പ്രയാസപ്പെടുത്തുന്നതിനുള്ള ന്യായമല്ല എന്നും ഹൈകോടതി വ്യക്തമാക്കി. ഓപറേറ്റര്‍മാര്‍ക്ക് ഷോകോസ് നോട്ടീസ് അയച്ച് തുടങ്ങിയ അന്വേഷണവുമായി കേന്ദ്ര ഏജൻസികള്‍ക്ക് മുന്നോട്ടുപോകാമെന്നും ഹൈകോടതി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇതിന് ശേഷവും ക്വാട്ട വിട്ടു നല്‍കാത്തതിനെതിരെ ഈ മാസം 12ന് സ്വകാര്യഗ്രൂപ്പുകള്‍ വീണ്ടും ഹൈകോടതിയിലെത്തിയപ്പോള്‍ വിധി നടപ്പാക്കാൻ കേന്ദ്ര സര്‍ക്കാറിന് അന്ത്യശാസനം നല്‍കി. അപ്പോഴാണ് ഹൈകോടതി വിധിക്കെതിരെയുള്ള അപ്പീലുമായി കേന്ദ്രം സുപ്രീംകോടതിയിലെത്തിയത്
Post a Comment