(പ്രതീകാത്മക ചിത്രം)
Share this:
കൊല്ലം: വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞസംഭവത്തിൽ സ്ഥലം ഉടമയുടെ ഭാര്യയും മകളും അറസ്റ്റിൽ. കടശ്ശേരി ചെളിക്കുഴിയിലാണ് കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞത്. സംഭവത്തില്‍ കേസിലെ ഒന്നാംപ്രതിയായ ചെളിക്കുഴി തെക്കേക്കര പുത്തൻവീട്ടിൽ ശിവദാസന്റെ ഭാര്യ സുശീല (63), മകൾ ചാരുംമൂട് ബി.എസ്.എൻ.എൽ. ക്വാർട്ടേഴ്‌സിൽ സ്മിത (39) എന്നിവരാണ് പിടിയിലായത്.
സ്ഥലത്തിനു ചുറ്റും ഇട്ടിരുന്ന വൈദ്യുതി പ്രവഹിക്കുന്ന കമ്പി വേലിയിൽ കുരുങ്ങിയാണ് ആന ചരിഞ്ഞത്. വൈദ്യുതി കമ്പിയിൽ ആന കുരുങ്ങിയെന്ന് അറിഞ്ഞ് ശിവദാസൻ ഒളിവിൽ പോയി. മൂന്നാഴ്ചമുമ്പ് കാട്ടാന കൃഷിയിടത്തിലിറങ്ങി വിളകൾ നശിപ്പിച്ചിരുന്നു. രണ്ടുദിവസത്തിനുശേഷം ശിവദാസനും സുശീലയും ചേർന്നാണ് പുരയിടത്തിന്റെ അതിർത്തിയിൽ കമ്പികൾ വലിച്ചുകെട്ടി വൈദ്യുതി കടത്തിവിട്ടത്.
കഴിഞ്ഞ തിങ്കളാഴ്ച 20 വയസ്സുള്ള കാട്ടാന കമ്പിയിൽ തുമ്പിക്കൈ കുരുങ്ങി വൈദ്യുതാഘാതമേറ്റ് ചരിയുകയായിരുന്നു. ആനയെ ചുറ്റി കിടന്നിരുന്ന കമ്പി നീക്കുന്നതിനായി സുശീല മകളെ വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് വിവരം. ആനയുടെ തുമ്പിക്കൈയിൽ ചുറ്റിക്കിടന്ന കമ്പി ഉൾപ്പെടെ നീക്കിയ ശേഷം ഇവർ മടങ്ങി പോയി.
ബലം പ്രയോഗിച്ചാണ് തുമ്പിക്കൈയിൽ നിന്നു കമ്പി നീക്കിയത്. ഇതു മൂലം തുമ്പിക്കൈ മുറിഞ്ഞു തൂങ്ങിയ അവസ്ഥയിലായിരുന്നു. ഇരുവരുംചേർന്ന് കമ്പികളും വയറും അഴിച്ചുമാറ്റി ഒളിപ്പിച്ചു. ആനയെ മനപ്പൂർവം കൊല്ലുന്നതിനായി വൈദ്യുത വേലി സ്ഥാപിച്ചെന്നാണ് ശിവദാസനും ഭാര്യ സുശീലയ്ക്കുമെതിരെയുളള കേസ്. തെളിവു നശിപ്പിക്കലാണ് സ്മിതയ്ക്കെതിരെ ചുമത്തിയ കുറ്റം.
Post a Comment