Join News @ Iritty Whats App Group

ചെറിയ കുട്ടികളിലെ സ്മാർട്ട് ഫോൺ ഉപയോഗം ഗുരുതര പ്രത്യാഘാതമുണ്ടാക്കും; പഠന റിപ്പോട്ട് ഞെട്ടിക്കുന്നത്



ചെറിയ കുട്ടികളിലെ സ്മാർട്ട്ഫോൺ ഉപയോഗം ഭയാനകമായ ആഘാതമുണ്ടാക്കുമെന്ന പഠന റിപ്പോർട്ട് പുറത്ത്. പത്ത് വയസ്സിന് താഴെ പ്രായത്തിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് ഭാവിയിൽ മാനസികാരോഗ്യം തകർക്കുമെന്നാണ് യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാപിയൻ ലാബ്സ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. 

ആത്മഹത്യാ പ്രവണത, മറ്റുള്ളവരോടുള്ള ആക്രമണോത്സുകത, യാഥാർഥ്യബോധമില്ലായ്മ, ഭ്രമാത്മകത തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് ചെറുപ്രായത്തിലെ സ്മാർട്ട്ഫോൺ ഉപയോഗം കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ. സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ കൂടുതലായി ഈ പ്രശ്നങ്ങൾ കണ്ടെത്തിയത്.

പത്ത് വയസ്സിന് മുമ്പ് സ്മാർട്ട്ഫോൺ ഉപയോഗിച്ച് തുടങ്ങിയ 60-70% മുതിർന്ന സ്ത്രീകളും കടുത്ത മാനസിക സമ്മർദം നേരിടുന്നതായി പഠന റിപ്പോർട്ടിൽ പറയുന്നു. ഇതേ ഗണത്തിൽ വരുന്ന പുരഷന്മാരിൽ 45-50 ശതമാനം പേർക്കും പിന്നീടുള്ള ജീവിതത്തിൽ സമാനമായ വെല്ലുവിളികൾ നേരിടുന്നതായും പഠനത്തിൽ കണ്ടെത്തി. സ്മാർട്ട്ഫോൺ ഉപയോഗം വൈകിത്തുടങ്ങിയവരിൽ മാനസിക പ്രശ്നങ്ങൾ നന്നേ കുറവാണെന്ന് ഡാറ്റകൾ വ്യക്തമാക്കുന്നു. മാനസിക ആരോഗ്യത്തിന്റെ വിവിധ അളവുകോലുകൾ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
ആറ് വയസ്സ് മുതൽ 18 വയസ്സുവരെ വിവിധ പ്രായങ്ങളിൽ സ്മാർട്ട്ഫോൺ ഉപയോഗിച്ചുതുടങ്ങിയവരിലാണ് പഠനം നടത്തിയത്. ഗ്ലോബൽ മൈൻഡ് പ്രോജക്ട് (മുമ്പ് മെന്റൽ ഹെൽത്ത് മില്യൺ പ്രോജക്റ്റ് എന്നറിയപ്പെട്ടിരുന്നു) വഴി 2023 ജനുവരിക്കും ഏപ്രിലിനും ഇടയിൽ ലഭിച്ച, 18 വയസ്സിനും 24 വയസ്സിനും മധ്യേ പ്രായമുള്ള 27,969 പേരിലാണ് പഠനം നടത്തിയത്. വിവിധ ജീവിതശൈലി, ജീവിതാനുഭവ ഘടകങ്ങൾ എന്നിവയ്‌ക്കൊപ്പം ആഗോള മാനസിക ക്ഷേമത്തെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന സർവേയാണ് ഗ്ലോബൽ മൈൻഡ് പ്രോജക്റ്റ്.
ചെറുപ്രായത്തിലെ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ഭയാനകമായ ആഘാതമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്ന് മൊബൈൽ നിർമാതാക്കളായ ഷവോമി ഇന്ത്യയുടെ മുൻ സിഇഒ മനു കുമാർ ജയിൻ പറഞ്ഞു. കുട്ടികൾ കരയുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ കാറിലായിരിക്കുമ്പോഴോ കുട്ടികൾക്ക് ഫോൺ കൈമാറാനുള്ള പ്രലോഭനത്തെ ചെറുക്കാൻ അദ്ദേഹം മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.

മാതാപിതാക്കളെന്ന നിലയിൽ, കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. കൊച്ചുകുട്ടികൾക്കിടയിൽ അമിതമായ സ്‌ക്രീൻ സമയം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഓർക്കുക, അവരുടെ ബാല്യം വിലപ്പെട്ടതാണ്, അവർക്ക് ശോഭനവും ആരോഗ്യകരവുമായ ഭാവിക്ക് ഏറ്റവും മികച്ച അടിത്തറ നൽകേണ്ടത് നമ്മുടെ കടമയാണ് – മനുകുമാർ ലിങ്ക്ഡ് ഇൻ കുറിപ്പിൽ  വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group