കോട്ടയം : കോട്ടയം കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ സുഹൃത്തിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അരുൺ വിദ്യാധരനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു. സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരിൽ യുവതിക്കെതിരെ മോശം പരാമർശങ്ങൾ അരുൺ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. മരിച്ച ആതിരയുടെ സംസ്കാരം ഇന്ന് നടക്കും.
അരുൺ വിദ്യാധരൻ ആതിരക്കെതിരെ ഫേസ്ബുക്കിലൂടെ വൻ സൈബർ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ പൊലീസിൽ ആതിര പരാതി നൽകിയിരുന്നു. ഈ സുഹൃത്തുമായുള്ള സൗഹൃദം പെൺകുട്ടി ഏറെ നാൾ മുമ്പ് ഉപേക്ഷിച്ചതാണ്. പെൺകുട്ടിക്ക് വിവാഹ ആലോചനകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ പെൺകുട്ടിയുടെ ചിത്രങ്ങളും മറ്റും അരുൺ വിദ്യാധരൻ എന്ന യുവാവ് അയാളുടെ ഫേസ്ബുക്ക് വാളിൽ നിരന്തരമായി പങ്കുവെച്ചിരുന്നു.
ഈ പരാതിയിൽ വൈക്കം എഎസ് പി തന്നെ നേരിട്ട് ഇടപെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നേരിട്ട് ഈ കുട്ടിയെ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അരുൺ വിദ്യാധരനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുന്നുണ്ട്. സൈബർ അക്രമണത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നു.
മണിപ്പൂരിലെ സബ് കളക്ടറായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ആശിഷ് ദാസിന്‍റെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. ഫയർമാനായി ജോലി ചെയ്യുന്നതിനിടെ ഐഎഎസ് നേടി, ദേശീയ ശ്രദ്ധ നേടിയ ആളാണ് ആശിഷ്. ഭാര്യ സഹോദരിയുടെ ആത്മഹത്യയിൽ വൈകാരിക കുറിപ്പ് ഇന്നലെ ആശിഷ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. സൈബർ ബുളളിയിങ്ങിലൂടെയുളള കൊലപാതകമാണ് തന്‍റെ സഹോദരിയുടേത് എന്നാണ് ആശിഷ് കുറിച്ചത്. കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകും. ഒരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ആശിഷ് പോസ്റ്റിൽ പറയുന്നു.
Post a Comment