Join News @ Iritty Whats App Group

മകന്റെ പാസ്പോർട്ടിൽ അവന്റെ അച്ഛന്റെ പേര് ആവശ്യമില്ല എന്ന് യുവതി, അനുകൂലമായി വിധിച്ച് കോടതി


പാസ്പോർട്ടിൽ നിന്നും ന്യായമായ കാരണങ്ങളുടെ പേരിൽ അച്ഛന്റെ പേര് നീക്കാം എന്ന് ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത മകന്റെ പാസ്പോർട്ടിൽ നിന്നും അവന്റെ അച്ഛന്റെ പേര് നീക്കണം എന്ന ആവശ്യവുമായി ഒരു യുവതി സമീപിച്ച സാഹചര്യത്തിലാണ് കോടതിയുടെ പരാമർശം. 

കുട്ടി ജനിക്കുന്നതിന് മുമ്പ് തന്നെ അവന്റെ അച്ഛൻ അവനെ ഉപേക്ഷിച്ച് പോയതാണ്. ജനിച്ച അന്ന് മുതൽ താൻ ഒറ്റയ്ക്കാണ് അവനെ വളർത്തുന്നത്. പിന്നെ എന്തിനാണ് അച്ഛന്റെ പേര് പാസ്പോർട്ടിൽ നൽകുന്നത് എന്നായിരുന്നു പരാതിക്കാരിയുടെ ചോദ്യം. യുവതിയുടെ ആവശ്യം ന്യായമാണ് എന്ന് കണ്ട കോടതി അച്ഛന്റെ പേര് നീക്കം ചെയ്യാൻ പാസ്പോർട്ട് അതോറിറ്റിക്ക് നിർദേശം നൽകുകയായിരുന്നു. 

പരാതിക്കാരിയുടെ ആവശ്യം ന്യായമാണ്. കുട്ടിയെ അച്ഛൻ നോക്കിയിട്ടില്ല. കുഞ്ഞിനെ അയാൾ അയാളിൽ നിന്നും അകറ്റുകയായിരുന്നു എന്നും വ്യക്തമായി എന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് പറഞ്ഞു. അതിനാൽ തന്നെ കുട്ടിയുടെ അച്ഛന്റെ പേര് പാസ്പോർട്ടിൽ നിന്നും നീക്കം ചെയ്യുകയും അച്ഛന്റെ പേരില്ലാത്ത പുതിയ പാസ്പോർട്ട് റീഇഷ്യു ചെയ്യുകയും വേണം എന്നും കോടതി പറഞ്ഞു. 

ന്യായം എന്ന് തോന്നുന്ന ഘട്ടങ്ങളിൽ അച്ഛന്റെ പേര് പാസ്പോർട്ടിൽ നിന്ന് നീക്കം ചെയ്യാം. അതുപോലെ സർനെയിം മാറ്റുന്നതിനും കുഴപ്പമില്ല എന്നും കോടതി വ്യക്തമാക്കി. മകൻ ജനിക്കുന്നതിന് മുമ്പ് തന്നെ അവനെ പാടേ ഉപേക്ഷിക്കുകയും അവന് ഒന്നും നൽകാതിരിക്കുകയും ചെയ്ത അച്ഛൻ‌റെ പേര് പാസ്പോർട്ടിൽ മകന് ആവശ്യമില്ല എന്നായിരുന്നു പരാതിക്കാരിയുടെ വാദം. പരാതിക്കാരിയുടെ ആവശ്യം ന്യായമാണ് എന്ന നിരീക്ഷണത്തിലായിരുന്നു കോടതി അവർക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group