തിരുവനന്തപുരം : തനിക്കെതിരെ അപകീർത്തി പരമർശ കേസ് നൽകിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മറുപടി. കേസ് കൊടുത്ത് വിരട്ടാമെന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂവെന്ന് അപകീർത്തി പരമർശത്തിന് കേസ് നൽകിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മറുപടി. മാനനഷ്ട കേസിൽ സ്വപ്ന സുരേഷിനെതിരായി എം വി ഗോവിന്ദൻ നൽകിയ അപകീർത്തി പരാതി കോടതി ഫയലിൽ സ്വീകരിച്ചതിന് പിന്നാലെയാണ് സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂവെന്നും 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും താങ്കൾ കേസ് കൊടുക്കണമെന്നാണ് എന്റെ അപേക്ഷയെന്നും സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.
സ്വപ്നയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഗോവിന്ദൻ... കോടതിയിലേക്ക് സ്വാഗതം.
ഗോവിന്ദൻ ഇനി നമുക്ക് കോടതിയിൽ കാണാം.
കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്ന് സ്വപ്ന അങ്ങയെ അറിയിക്കുന്നു.
എന്റെ അപേക്ഷ അങ്ങ് 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണം എന്നാണ്.
ഗോവിന്ദനെ കോടതിയിൽ വെച്ച് കാണാൻ ഞാൻ കാത്തിരിക്കുന്നു.
സ്വപ്ന സുരേഷിനെതിരായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ അപകീർത്തി പരാതി തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് ഫയലിൽ സ്വീകരിച്ചു. പരാതിക്കാരനായ എം വി ഗോവിന്ദന്റെ മൊഴി രേഖപ്പെടുത്തിയ കോടതി സാക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. സാക്ഷികളുടെ മൊഴി രേഖപെടുത്താനായി ഹർജി ഈ മാസം 20 ന് വീണ്ടും പരിഗണിക്കും. ഐ പി സി 120 ബി, ഐ പി സി 500 വകുപ്പുകൾ പ്രകാരം, ക്രിമിനൽ ഗൂഡലോചനയ്ക്കും, മാനഹാനി വരുത്തിയതിനും സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഈ വിഷയത്തിൽ സിപിഎം പൊലീസിൽ നൽകിയ പരാതിയിലെ അന്വേഷണം ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.
Post a Comment