വാഷിങ്ടൺ: ഇന്ത്യൻ വംശജനായ അജയ് ബാംഗ അടുത്ത ലോക പ്രസിഡന്റാകും. ലോകബാങ്കിന്റെ 25 അംഗ എക്സിക്യൂട്ടീവ് ബോർഡാണ് ബാംഗയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ജൂൺ രണ്ടിന് അജയ് ബാംഗ ചുമതലയേൽക്കും. അഞ്ച് വർഷമാണ് ലോകബാങ്ക് പ്രസിഡന്റിന്റെ കാലാവധി.
യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് 63കാരനായ ബാംഗയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്. നിലവിലെ ലോകബാങ്ക് പ്രസിഡന്‍റ് ഡേവിഡ് മാൽപാസിൽനിന്നാകും അജയ് ബാംഗ ചുമതലയേറ്റെടുക്കുക. അജയ് ബാംഗ നേരത്തെ മാസ്റ്റർകാർഡ് സി.ഇ.ഒയുടെ ചുമതല വഹിച്ചിട്ടുണ്ട്.
നാമനിർദേശം ചെയ്യപ്പെട്ടതിന് പിന്നാലെ 96 രാജ്യങ്ങളുടെ പ്രതിനിധികളുമായി അജയ് ബാംഗ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. മൂന്നാഴ്ച നീണ്ടുനിന്ന പര്യടനത്തിൽ എട്ട് രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചിരുന്നു. പൂനെയിൽ ജനിച്ച ബാംഗ 2007ലാണ് യു.എസ് പൗരത്വം സ്വീകരിച്ചത്.
ബോംബെ സെന്‍റ് സ്റ്റീഫൻസ് കോളേജ്, ഐഐഎം അഹമ്മദാബാദ് എന്നിവിടങ്ങളിൽനിന്നാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഐഐഎമ്മിൽ മാനേജ്മെന്‍റിൽ ബിരുദാനന്തരബിരുദം നേടി.
1990ൽ ആഗോള ഫാസ്റ്റ് ഫുഡ് ബ്രാൻഡുകൾ ഇന്ത്യയിലേക്ക് വരുന്നതിൽ ബാംഗ നിർണായക പങ്ക് വഹിച്ചു. 2016ൽ പത്മശ്രീ പുരസ്ക്കാരത്തിന് അർഹനായി.
Post a Comment