ന്യൂഡല്‍ഹി: രാഷ്ട്രപതിക്കു പകരം പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും പ്രതിപക്ഷകക്ഷികളും. ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാന്‍ നീക്കം.
രാഷ്ട്രപതിയെ കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തിയാക്കിയെന്നു പ്രതിപക്ഷകക്ഷികള്‍ വിമര്‍ശിച്ചു. ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷകക്ഷികള്‍ സംയുക്തമായി ഉടന്‍ തീരുമാനമെടുക്കുമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. വി.ഡി. സവര്‍ക്കറുടെ ജന്മദിനമായ മേയ് 28 നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്.
''തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി മാത്രമാണ് മോദി സര്‍ക്കാര്‍ ദളിത്, ഗോത്രവര്‍ഗ വിഭാഗങ്ങളില്‍നിന്ന് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനച്ചടങ്ങിലേക്ക് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിച്ചില്ല. ഇപ്പോള്‍ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും ക്ഷണിച്ചില്ല.
രാഷ്ട്രപതി മാത്രമാണ് സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും രാജ്യത്തെ ഓരോ പൗരനെയും പ്രതിനിധീകരിക്കുന്നത്. രാഷ്ട്രപതി ഉദ്ഘാടനം നിര്‍വഹിക്കുന്നത് ജനാധിപത്യമൂല്യങ്ങളോടും ഭരണഘടനാപരമായ ഔചിത്യത്തോടുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ പ്രതീകമാകുമായിരുന്നു.'' -കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ വിമര്‍ശിച്ചിരുന്നു. സവര്‍ക്കര്‍ ജന്മദിനത്തില്‍ ഉദ്ഘാടനച്ചടങ്ങ് നടത്തുന്നതിനോടും കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിച്ചു. സവര്‍ക്കറെ വിമര്‍ശിക്കുന്നതിലുള്ള നീരസം മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേന പ്രകടിപ്പിച്ച ഘട്ടത്തില്‍ ഈ വിഷയം കോണ്‍ഗ്രസിനു നിര്‍ണായകമാണ്.
അതിനിടെ, രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ പരിഹസിച്ച് ബി.ജെ.പി. വക്താവ് ഗൗരവ് ഭാട്ടിയ രംഗത്തെത്തി. ശുഭമുഹൂര്‍ത്തങ്ങളിലെല്ലാം അപശകനുമായി അദ്ദേഹം വരികയാണെന്നായിരുന്നു ഭാട്ടിയയുടെ പരിഹാസം.
2020 ഡിസംബറില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. കോവിഡ് മഹാമാരി, കര്‍ഷകപ്രതിഷേധം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ നിലനില്‍ക്കുന്നതിനിടെ നിര്‍മാണം തുടങ്ങുന്നതു ചോദ്യംചെയ്തായിരുന്നു പ്രതിപക്ഷ നടപടി.
Post a Comment