Join News @ Iritty Whats App Group

'നിന്നിലെ അമ്മ മനസിന് മരണമില്ല, നമ്മുടെ മക്കള്‍ തനിച്ചല്ല'; കാവലായി ലിനി കൂടെ തന്നെയുണ്ടെന്ന് പ്രതിഭയും സജീഷും




കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോ​ഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയെ ഓര്‍മ്മിച്ച് ഭര്‍ത്താവ് സജീഷ്. നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്‌ അഞ്ച്‌ വർഷം തികയുന്നു. ഇന്ന് ഞങ്ങൾ തനിച്ചല്ല. ഒരു പാതിയുടെ കരുതലും സ്നേഹവും എനിക്കും ഒരു അമ്മയുടെ മാതൃസ്നേഹവും വാത്സ്യല്യവും നമ്മുടെ മക്കൾക്കും കിട്ടുന്നുണ്ട്‌. നിന്റെ നിഴൽ കാവലായ് ഞങ്ങളുടെ കൂടെ ഉണ്ടെന്നും സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

സജീഷ് കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതനായിരുന്നു. സജീഷിന്‍റെ ഭാര്യയായ പ്രതിഭ ലിനിയെ ഓര്‍മ്മിച്ച് എഴുതിയ കുറിപ്പ് കണ്ണീരണിയിക്കുന്നതാണ്. നിന്‍റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല. അതുകൊണ്ട്‌ തന്നെ നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ലെന്നാണ് പ്രതിഭ ഫേസ്ബുക്കില്‍ കുറിച്ചത്. സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായി ഞാൻ കൂടെ ഉണ്ട്‌. നമ്മുടെ മക്കൾ എന്നെ അമ്മ എന്ന് വിളിക്കുമ്പോൾ എന്നിലവർ നിന്നെ തന്നെ ആണ്‌ കാണുന്നത്‌. എണ്ണിത്തിട്ടപ്പെടുത്തിയ ദിവസങ്ങളുടെയോ വർഷങ്ങളുടെയോ കണക്കുകൾ വേണ്ട നിന്നെ ഓർമ്മിക്കാൻ. കാരണം നീ ഞങ്ങളിൽ ഒരാളായി കൂടെ തന്നെ ഉണ്ടെന്നും പ്രതിഭ കുറിച്ചു. 

സജീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ലിനി...

നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്‌ അഞ്ച്‌ വർഷം തികയുന്നു.

ഇന്ന് ഞങ്ങൾ തനിച്ചല്ല....

ഒരു പാതിയുടെ കരുതലും സ്നേഹവും എനിക്കും,

ഒരു അമ്മയുടെ മാതൃസ്നേഹവും വാത്സ്യല്യവും നമ്മുടെ മക്കൾക്കും കിട്ടുന്നുണ്ട്‌. നീ തന്ന അളവിൽ കുറയാതെ ഇന്ന് ഞങ്ങൾ അത്‌ അനുഭവിക്കുന്നുണ്ടെങ്കിൽ ‌ നിന്റെ നിഴൽ കാവലായ് ഞങ്ങളുടെ കൂടെ ഉളളത്‌ കൊണ്ട്‌ മാത്രമാണ്‌.

പ്രതിഭ സജീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ലിനി...

നിന്റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല.അതുകൊണ്ട്‌ തന്നെ നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ല.

സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായ്‌ ഞാൻ കൂടെ ഉണ്ട്‌

നമ്മുടെ മക്കൾ എന്നെ അമ്മ എന്ന് വിളിക്കുമ്പോൾ എന്നിലവർ നിന്നെ തന്നെ ആണ്‌ കാണുന്നത്‌.

എണ്ണിത്തിട്ടപ്പെടുത്തിയ ദിവസങ്ങളുടെയോ വർഷങ്ങളുടെയോ കണക്കുകൾ വേണ്ട നിന്നെ ഓർമ്മിക്കാൻ.

കാരണം നീ ഞങ്ങളിൽ ഒരാളായി കൂടെ തന്നെ ഉണ്ട്‌.

കാവലായ്‌...

Post a Comment

Previous Post Next Post
Join Our Whats App Group