Join News @ Iritty Whats App Group

അപകടത്തിൽപെട്ടവരുടെ കൃത്യമായ കണക്കില്ല: കാണാതായവരെ കുറിച്ച് പൊലീസിൽ അറിയിക്കണം


താനൂർ: ബോട്ടപകടത്തിൽ പെട്ട ആളുകളുടെ കൃത്യമായ കണക്ക് കണ്ടെത്തുന്നതിൽ സംസ്ഥാന സർക്കാരിന് മുന്നിൽ വെല്ലുവിളി. അപകടത്തിൽപെട്ടത് സ്വകാര്യ ബോട്ടായതിനാൽ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ബോട്ടിൽ 40 ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. 22 പേർ മരിക്കുകയും 10 പേരെ രക്ഷിക്കുകയും ചെയ്തു. അഞ്ച് പേർ അപകടം നടന്ന സ്ഥലത്ത് നിന്ന് നീന്തിക്കയറിയെന്നും വിവരമുണ്ട്. 

കാണാതായവരെ കുറിച്ച് ജനം വിവരമറിയിക്കണമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. പൂരപ്പുഴ ഭാഗത്തേക്ക് ഇന്നലെ വന്ന ശേഷം കാണാതായവരെ കുറിച്ച് വിവരം അറിയിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ ഈ വിവരം കൈമാറണം. എത്ര ടിക്കറ്റ് എടുത്തുവെന്നോ, എത്ര പേർ ബോട്ടിൽ കയറിയെന്നോ വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനത്തിനാണ് മുഖ്യ പരിഗണന നൽകിയതെന്നും ബോട്ട് സർവീസുമായി ബന്ധപ്പെട്ട പരാതികൾ പിന്നീട് പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു.

അപകടത്തിൽപെട്ട ഒരാളെ മാത്രമാണ്‌ ഇനി കണ്ടെത്താനുള്ളതെന്നാണ് പൊലീസ് നിഗമനം. കൂടുതൽ പേരെ കാണാതായെന്ന് രക്ഷപ്പെട്ടവരോ ബന്ധുക്കളോ ഇതുവരെ പറഞ്ഞിട്ടില്ല. എന്നാൽ ടിക്കറ്റെടുത്തിട്ടും ബോട്ടിന്റെ വരവ് കണ്ട് ഭയന്ന് ബോട്ടിൽ കയറാതെ പിൻവാങ്ങിയ നിരവധി പേരുണ്ട്. ഇതുവരെ 22 പേരാണ് സംഭവത്തിൽ മരണമടഞ്ഞത്. 10 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അഞ്ച് പേർ നീന്തിക്കയറിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ജില്ലാ കളക്ടറുടെ അഭ്യർത്ഥന പ്രകാരം ഇന്ത്യൻ നേവി സംഘം സ്ഥലത്തെത്തി. ഇവരും തെരച്ചിൽ തുടങ്ങി. എന്നാൽ ഉൾവലിവുള്ളത് തെരച്ചിലിനെ ബാധിക്കുന്നതായി ദേശീയ ദുരന്ത നിവാരണ സേന അധികൃതർ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group