ദില്ലി: ദില്ലി ഓർഡിനൻസ് വിവാദവും പ്രതിപക്ഷ ഐക്യത്തിന് ഊർജമാകുന്നു. ദില്ലി സർക്കാറിന്റെ അധികാരം കവരുന്ന ബിൽ രാജ്യസഭ കടക്കാതിരിക്കാൻ പ്രതിപക്ഷ പിന്തുണതേടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കെജ്രിവാൾ ഇന്ന് കൂടികാഴ്ച നടത്തി. മറ്റന്നാൾ മമത ബാനർജിയേയും കെജ്രിവാൾ കാണും.
രാവിലെ ദില്ലി മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയായിരുന്നു നിതീഷ് കുമാറിന്റെ കൂടികാഴ്ച. ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഒപ്പമുണ്ടായിരുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറിന്റെ അധികാരങ്ങളിൽ കൈകടത്താൻ കേന്ദ്രത്തിന് എന്തധികാരമാണെന്ന് കൂടികാഴ്ചയ്ക്ക് ശേഷം ഒരുമിച്ച് മാധ്യമങ്ങളെ കണ്ട നേതാക്കൾ ചോദിച്ചു. സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്രം ഇറക്കിയ ഓർഡിനൻസിന് 6 ആഴ്ചയാണ് കാലാവധി.
ഇത് നിയമമാക്കാനുള്ള കേന്ദ്രസർക്കാറിന്റെ ബിൽ രാജ്യസഭ കടക്കാതിരിക്കാൻ ബിജെപി ഇതര സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചെന്ന് പിന്തുണ തേടാനാണ് കെജ്രിവാളിന്റെ നീക്കം. മറ്റന്നാൾ മമതാ ബാനർജിയെ കാണുന്ന കെജ്രിവാൾ ബുധനാഴ്ച മുംബൈയിൽ ഉദ്ദവ് താക്കറെയുമായും വ്യാഴാഴ്ച ശരദ്പവാറുമായും കൂടികാഴ്ച നടത്തും. കർണാടകത്തിൽ സിദ്ദരാമയ്യ സർക്കാറിന്റെ സത്യപ്രതിജ്ഞയ്ക്ക് കെജ്രരിവാളിനെ ക്ഷണിച്ചിരുന്നില്ല. എന്നിരുന്നാലും കേന്ദ്ര ബില്ലിനെ എല്ലാ പാർട്ടികളും പാർലമെൻറിൽ എതിർക്കാനാണ് സാധ്യത.
Post a Comment