Join News @ Iritty Whats App Group

പ്രധാനമന്ത്രിക്കെന്ത് കാര്യം... പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയെന്ന് രാഹുല്‍

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മെയ് 28 ന് നടക്കാനിരിക്കുന്ന ഉദ്ഘാടന പരിപാടിക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പുതിയ പാര്‍ലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാനിറ്റി പദ്ധതി എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരിക്കുന്നത്.

നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിന് എതിരെ നിരവധി പ്രതിപക്ഷ നേതാക്കള്‍ രംഗത്തത്തിയിട്ടുണ്ട്. അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ ഹിന്ദുത്വവാദിയായ സവര്‍ക്കറുടെ ജന്മദിനം തിരഞ്ഞെടുത്തതും വിമര്‍ശിക്കപ്പെടുന്നുണ്ട്. രാജ്യത്തിന്റെ എല്ലാ സ്ഥാപക നേതാക്കളേയും അവഹേളിക്കുന്ന നടപടിയാണ് ഇത് എന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞത്

ഗാന്ധി, നെഹ്റു, പട്ടേല്‍, ബോസ്, അംബേദ്കര്‍ എന്നിവരെ പൂര്‍ണ്ണമായി നിരാകരിക്കുന്ന നടപടിയാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസും ഇതിന് എതിരെ രംഗത്തെത്തിയിട്ടുണ്ട്. 2023 നവംബര്‍ 26 ന് രാഷ്ട്രത്തിന് പാര്‍ലമെന്ററി ജനാധിപത്യം സമ്മാനിച്ച ഇന്ത്യന്‍ ഭരണഘടന 75-ാം വര്‍ഷത്തിലേക്ക് ചുവടുവെക്കും എന്നിരിക്കെ അന്നായിരുന്നു പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് എന്ന് തൃണമൂല്‍ എംപി സുഖേന്ദു ശേഖര്‍ റേ പറഞ്ഞു.

സവര്‍ക്കറുടെ ജന്മദിനമായ മെയ് 28-ന് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് എത്രത്തോളം പ്രസക്തമാണ് എന്നും സുഖേന്ദു ശേഖര്‍ റേ ചോദിച്ചു. അതേസമയം പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്ത് എ ഐ എം ഐ എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയും രംഗത്തെത്തി. പ്രധാനമന്ത്രി സര്‍ക്കാരിന്റെ തലവനാണെന്നും പാര്‍ലമെന്റിന്റെ തലവനല്ലെന്നും ഒവൈസി ചൂണ്ടിക്കാട്ടി.

എന്തുകൊണ്ടാണ് ലോക്സഭാ സ്പീക്കറും രാജ്യസഭാ ചെയര്‍മാനും പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാത്തത് എന്നും അദ്ദേഹം ചോദിച്ചു. ഇത് പൊതു പണം കൊണ്ട് ഉണ്ടാക്കിയതാണ് എന്നും എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ പെരുമാറുന്നത് എന്നും ഒവൈസി ട്വീറ്റ് ചെയ്തു. അവരുടെ സ്വകാര്യ ഫണ്ടില്‍ നിന്ന് സ്‌പോണ്‍സര്‍ ചെയ്തിട്ടാണോ പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത് എന്നും ഒവൈസി ചോദിക്കുന്നു.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിന് ക്ഷണിക്കാനായി നേരില്‍ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ഘാടന വിവരങ്ങള്‍ ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചത്. ത്രികോണാകൃതിയിലുള്ള നാല് നിലകളുള്ള പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം അതിവേഗത്തിലാണ് പൂര്‍ത്തിയായത്. 64,500 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിലനില്‍ക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group