Join News @ Iritty Whats App Group

എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് ശരദ് പവാര്‍; അപ്രതീക്ഷിതം


ന്യൂദല്‍ഹി: എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്ന് ശരദ് പവാര്‍ രാജിവെച്ചു. അജിത് പവാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടെയാണ് രാജി. ആരായിരിക്കും പിന്‍ഗാമി എന്ന് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ലെന്നും പവാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 1999 ല്‍ പാര്‍ട്ടിയുടെ തുടക്കം മുതല്‍ ശരദ് പവാറായിരുന്നു എന്‍സിപിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത്.

തന്റെ ആത്മകഥാ പ്രകാശന ചടങ്ങിനിടെയാണ് ശരദ് പവാര്‍ തീരുമാനം പ്രഖ്യാപിച്ചത്. പാര്‍ലമെന്റില്‍ എനിക്ക് മൂന്ന് വര്‍ഷത്തെ രാജ്യസഭാ അംഗത്വം ബാക്കിയുണ്ട്. അതിനാല്‍ തന്നെ അക്കാലയളവില്‍ എല്ലാം താന്‍ മഹാരാഷ്ട്രയും ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. 1960 മെയ് 1 മുതല്‍ 2023 മെയ് 1 വരെ നീണ്ട പൊതുജീവിതത്തിന് ശേഷം ഒരു പടി പിന്നോട്ട് പോകേണ്ടത് ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു. സമിതിയില്‍ സുപ്രിയ സുലെ, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ജയന്ത് പാട്ടീല്‍, അനില്‍ ദേശ്മുഖ്, രാജേഷ് ടോപെ, ഛഗന്‍ ഭുജ്ബല്‍ തുടങ്ങിയ മുതിര്‍ന്ന അംഗങ്ങള്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുപരിപാടികളിലും യോഗങ്ങളിലും താന്‍ തുടര്‍ന്നും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂനെയിലായാലും, മുംബൈയിലായാലും, ബാരാമതിയിലായാലും, ഡല്‍ഹിയിലായാലും, ഇന്ത്യയുടെ മറ്റേതെങ്കിലും ഭാഗത്തായാലും, പതിവുപോലെ ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രാപ്യമാകും എന്നും ശരദ് പവാര്‍ എന്‍സിപി പ്രവര്‍ത്തകരോടായി പറഞ്ഞു. അതേസമയം ശരദ് പവാറിന്റെ അപ്രതീക്ഷിത തീരുമാനം പിന്‍വലിക്കണം എന്ന് ഓഡിറ്റോറിയത്തിലെ എന്‍സിപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അല്ലാതെ തങ്ങള്‍ ഓഡിറ്റോറിയം വിട്ട് പോകില്ല എന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

വിദ്യാഭ്യാസം, കൃഷി, സഹകരണം, കായികം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാണ് താന്‍ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, ദളിതര്‍, ആദിവാസികള്‍, സമൂഹത്തിലെ മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളിലും താന്‍ ശ്രദ്ധ ചെലുത്തുമെന്നും പവാര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group