മലപ്പുറം: താനൂരിൽ 22 പേർ മരിച്ച അപകടത്തിന് കാരണമായ ബോട്ട് ഓടിച്ച സ്രാങ്കും ദിനേശനും ഇപ്പോഴും കാണാമറയത്ത്. സംഭവത്തിന് ശേഷം സ്രാങ്ക് ദിനേശനും സഹായിയും മുങ്ങുകയായിരുന്നു. ബോട്ടുടമയും ഒന്നാം പ്രതുയുമായ നാസറിനെ പിടികൂടിയെങ്കിലും സ്രാങ്കും സഹായിയും ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ജില്ല വിട്ട് പോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇവരെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
മുൻ ദിവസങ്ങളിൽ അമിതമായി യാത്രക്കാരെ കയറ്റി ദിനേശൻ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. ആളുകൾ എതിർത്തിട്ടും ദിനേശനും സഹായിയും അവഗണിച്ചാണ് ബോട്ട് സർവീസ് നടത്തിയത്. അതിനിടെ പ്രതി നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാസറിനെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചേർക്കും. കോഴിക്കോട് നിന്നും പിടിയിലായ നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂർ സ്റ്റേഷനിൽ എത്തിച്ചിരുന്നില്ല. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നിൽ തടിച്ചു കൂടിയത്.
Post a Comment