ഇരിട്ടി: ഇരിട്ടി ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടോദ്‌ഘാടനം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എം എ ൽ എ സണ്ണി ജോസഫ് അദ്ധ്യക്ഷത വയ്ക്കും. കെഎസ്ഇബി വിതരണ വിഭാഗം ഡയറക്ടർ സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. വള്ളിത്തോട് സെക്ഷൻ ഓഫീസിലെ പ്രവർത്തന മേഖലയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളുടെ പ്രസിഡണ്ടുമാർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കെ എസ് ഇ ബി ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാജൻ ഖോബ്രഗഡെ സ്വാഗതവും സിവിൽ കൺസ്ട്രക്ഷൻ നോർത്ത് ചീഫ് എൻജിനീയർ കെ. രാജീവ്കുമാർ നന്ദിയും പറയും.
ഗ്രാമീണ, കാർഷിക മലയോര മേഖലകൾ ഉൾപ്പെടുന്ന 10800 ലധികം ഉപഭോക്താക്കളാണ് വള്ളിത്തോട് സെക്ഷനിലുള്ളത്. വള്ളിത്തോട് സ്വദേശി റോയ് കല്ലറയ്ക്കൽ വള്ളിത്തോട് ടൗണിന് സമീപത്തായി സൗജന്യമായി നൽകിയ സ്ഥലത്താണ് സെക്ഷൻ ഓഫീസ് മന്ദിരം നിർമ്മിച്ചത്. 198 ചതുരശ്ര മീറ്റർ വരുന്ന കെട്ടിടം 66 ലക്ഷം രൂപ ചിലവഴിച്ചാണ് പണികഴിപ്പിച്ചതെന്ന് കെഎസ്ഇബി ഡിവിഷൻ ഓഫീസ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സാനു ജോർജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അൽക്കാഫ്, വള്ളിത്തോട് സ്റ്റേറ്റ് ഓഫീസ് അസിസ്റ്റന്റ് എൻജിനീയർ ഇ.ജെ. മേരി, സീനിയർ സൂപ്രണ്ട് ബേബി ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Post a Comment