കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തിയിരുന്ന തിരൂർ സ്വദേശി സിദ്ദീഖിന്‍റെ കൊലപാതകം സംബന്ധിച്ച് പ്രാഥമിക പോസ്റ്റുമോർട്ടം വിവരങ്ങൾ പുറത്ത്. നെഞ്ചിനേറ്റ ചവിട്ട് മരണകാരണമായെന്നാണ് നിഗമനം.
വാരിയെല്ലുകൾക്ക് പൊട്ടൽ ഉണ്ട്. കൂടാതെ സിദ്ദിഖിന്റെ തലയിൽ അടിയേറ്റ പാടുണ്ട്. മരിച്ച ശേഷം ശരീരം വെട്ടിമുറിച്ചു. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് കാലുകൾ മുറിച്ചു മാറ്റിയെന്നും വ്യക്തമായിട്ടുണ്ട്.
സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ പിടിയിലായിരുന്നു. ചെർപ്പുളശ്ശേരി സ്വദേശി ഷിബിലിയും സുഹൃത്ത് ഫർഹാനയും തമിഴ്നാട്ടിൽനിന്നാണ് പിടിയിലായത്. കോഴിക്കോട്ടെ ലോഡ്ജ് മുറിയിൽവെച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയശേഷം അട്ടപ്പടിയിലെ അഗളിയിലാണ് മൃതദേഹാവശിഷ്ടങ്ങൾ തള്ളിയത്.
ചെന്നൈയിൽനിന്നാണ് ഷിബിലി (22), ഫർഹാന (18) എന്നിവർ പിടയിലായത്. സിദ്ദീഖിന്റെ കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. ഷിബിലിയും ഫർഹാനയും ഇപ്പോൾ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. കേരള പൊലീസ് ഉടൻ തന്നെ ഇവരെ കസ്റ്റഡിയിൽ വാങ്ങും.
സിദ്ദീഖിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എടിഎമ്മും ബാങ്ക് അക്കൗണ്ടിൽനിന്ന് പണവും നഷ്ടമായതായി കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നെന്നാണ് വിവരം. അട്ടപ്പാടി അഗളിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്. മൃതദേഹത്തിന് ഏഴു ദിവസത്തെ പഴക്കമുണ്ട്. മൃതദേഹം രണ്ടായി മുറിച്ച് രണ്ട് സ്യൂട്ട് കേസിലാക്കിയാണ് കൊക്കയിൽ ഉപേക്ഷിച്ചത്.
Post a Comment