തിരുവനന്തപുരം: ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വ്യക്തമായി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അരുൺ ആണ് ജയിലിലെത്തി പരിശോധിച്ച് ഇക്കര്യം സ്ഥിരീകരിച്ചത്. പൊലീസും ഡോക്ടര്‍മാരും ചേര്‍ന്ന് ഉപദ്രവിക്കുന്നതായി തോന്നിയപ്പോളാണ് ആക്രമിക്കാന്‍ തീരുമാനിച്ചതെന്നും ലക്ഷ്യം വച്ചത് പുരുഷ ഡോക്ടറെയെന്നും സന്ദീപ് ജയില്‍ സൂപ്രണ്ടിനോട് ഏറ്റുപറഞ്ഞു.
ആശുപത്രിയില്‍ എത്തിച്ച് ചികിത്സിക്കേണ്ട മാനസികപ്രശ്‌നങ്ങള്‍ സന്ദീപിനില്ലെന്നും എല്ലാ കാര്യങ്ങളെക്കുറിച്ചും സന്ദീപ് കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാൽ താൻ ലഹരിക്ക് അടിമയല്ലെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. സംഭവ ദിവസം മദ്യപിച്ചിരുന്നു. നാട്ടുകാര്‍ തന്നെ മര്‍ദ്ദിച്ചു. നാട്ടുകാര്‍ പിന്തുടര്‍ന്നപ്പോള്‍ പൊലീസിനെ ആദ്യം വിളിച്ചു. പിന്നെ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നുവെന്നും സന്ദീപ് പറയുന്നു.
അതേസമയം, പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ സംഘം കോടതിയില്‍ തിങ്കളാഴ്ച അപേക്ഷ നല്‍കും. കൊല്ലപ്പെടുമെന്ന് സന്ദീപ് ഭയപ്പെട്ട കാര്യത്തെക്കുറിച്ചും അന്വേഷണസംഘം പരിശോധിക്കും. കോടതിയുടെ വിമർശനങ്ങളെയും രാഷ്ട്രീയ ആരോപണങ്ങളെയും മറികടക്കാൻ കഴിയും വിധം പിഴവില്ലാത്ത അന്വേഷണമാണ് റൂറൽ ക്രൈംബ്രാഞ്ച് ലക്ഷ്യം വയ്ക്കുന്നത്. ഇത് മുൻനിർത്തി ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഫൊറൻസിക് പരിശോധന ഫലമടക്കമുള്ള ശാസ്ത്രീയ തെളിവുകൾ, സാക്ഷിമൊഴികള്‍, വിവിധ രേഖകള്‍ തുടങ്ങിയവ ഘട്ടംഘട്ടമായി ശേഖരിക്കുന്നത് എങ്ങനെയെന്ന് ആക്ഷൻ പ്ലാൻ വ്യക്തമാക്കുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ നിരീക്ഷണ കാമറകളുടെ ഹാർഡ് ഡിസ്ക്കുകൾ ശേഖരിച്ച് തുടങ്ങി. സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്നത് പുരോഗമിച്ചു വരുകയാണ്. എല്ലാവിധ ശാസ്ത്രീയ തെളിവുകളും കൃത്യതയോടെ ശേഖരിക്കാനും ആക്ഷൻ പ്ലാൻ ലക്ഷ്യമിടുന്നു. ഈ വിധത്തിലുള്ള അന്വേഷണത്തിലൂടെ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള കുറ്റപത്രം തയ്യാറാക്കുകയാണ് ലക്ഷ്യം. ആക്ഷൻ പ്ലാന്‍ അനുസരിച്ചുള്ള തെളിവുകളും സാക്ഷി മൊഴികളും മറ്റ് രേഖകളും ലഭിച്ചാല്‍ 90 ദിവസത്തിന് മുൻപ് തന്നെ കുറ്റപത്രം സമര്‍പ്പിക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
Post a Comment