കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന് പെട്ടിയിലാക്കി കൊക്കയില്‍ തള്ളിയ സംഭവം പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലെന്ന നിഗമനത്തില്‍ പൊലീസ്. ട്രോളിയും കട്ടറും വാങ്ങുന്നതിനായി പ്രതികള്‍ ഹോട്ടലില്‍ നിന്ന് പുറത്തുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് പൊലീസ് ഈ നിഗമനത്തിലേക്ക് എത്തിയത്. പണമോ മറ്റോ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ സിദ്ദിഖ് കൊല്ലപ്പെട്ടപ്പോള്‍ തെളിവ് നശിപ്പിക്കാന്‍ ചെയ്തതാവാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഹോട്ടല്‍ മുറിയില്‍ ടി വിയുടെ ശബ്ദം കൂട്ടിവച്ചാണ് പ്രതികള്‍ കട്ടര്‍ ഉപയോഗിച്ച് സിദ്ദിഖിന്റെ മൃതദേഹം വെട്ടിമാറ്റിയത്. സിദ്ദിഖ് ഹോട്ടലില്‍ വച്ച് ക്രൂര മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്. വാരിയെല്ലുകള്‍ ഒടിഞ്ഞതായാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ചെന്നൈയില്‍ നിന്നും അറസ്റ്റിലായ ഫര്‍ഹാന, ഷിബിലി എന്നിവരെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു.
കേസിലെ കേന്ദ്രബിന്ദു 19കാരിയായ ഫര്‍ഹാനയാണെന്നാണ് സൂചന. അതുകൊണ്ട് ഫര്‍ഹാനയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകും. പ്രതികളുടെ സുഹൃത്തായ ആഷിക്കിനെ കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് പിടികൂടിയിരുന്നു. ഇയാളെ മൃതദേഹം തള്ളിയ അഗളിയില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.
പ്രതികളുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചെന്നാണ് വിവരം. ഫര്‍ഹാനയ്ക്ക് കൂടുതല്‍ റോളുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തില്‍ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുക. കൊല്ലപ്പെട്ട സിദ്ദിഖിന്റെ എ ടി എം പിന്‍ നമ്പര്‍ ഷിബിലി നേരത്തെ കൈക്കാലാക്കിയിരുന്നു. സാധനങ്ങള്‍ വാങ്ങുന്നതിനായി എ ടി എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ സിദ്ദിഖ് തന്നെയാണ് ഷിബിലിക്ക് നല്‍കിയതെന്നാണ് വിവരം.
അതേസമയം, കോഴിക്കോട്ടെ ഹോട്ടലില്‍ സിദ്ദിഖിന്റെ പേരില്‍ തന്നെയാണ് മുറിയെടുത്തത്. നഗരത്തില്‍ സിദ്ദിഖിന് സ്വന്തമായി ഹോട്ടലുണ്ടെന്നിരിക്കെ എന്തിന് ഈ ഹോട്ടലില്‍ മുറിയെടുത്തെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. സിദ്ദിഖിന്റെ പേരില്‍ രണ്ട് മുറികളാണ് എടുത്തത്. ഇതില്‍ ജി 4 എന്ന മുറിയില്‍ വച്ചാണ് കൊലപാതകം നടന്നത്.
കൊലയ്ക്ക് ശേഷം മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി മുറിച്ച് ട്രോളി ബാഗുകളിലാക്കിയാണ് പ്രതികള്‍ കൊക്കയില്‍ തള്ളുകയായിരുന്നു. ഹോട്ടലിന് സമീപത്തെ ടെകസ്‌റ്റൈല്‍സിലെ സി സി ടി വിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഈ മാസം 18ന് ആണ് സിദ്ദിഖ് ഇവിടെ മുറിയെടുത്തത്. 19ാം തീയതി ഉച്ചയ്ക്ക് ശേഷമാണ് ട്രോളി ബാഗുകളിലാക്കി മൃതദേഹം പുറത്തേക്ക് കൊണ്ടു പോയത്. 18നും 19നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം.
Post a Comment