കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ആറു കൊലപാതകങ്ങള്‍ നടത്തിയെന്ന് അമ്മ തന്നോട് സമ്മതിച്ചിരുന്നതായി മകന്‍ റെമോയുടെ മൊഴി. കേസ് വിസ്താരത്തിനിടയില്‍ ആയിരുന്നു കേസിലെ മൂന്നാം സാക്ഷിയായ മകന്‍ അമ്മയ്‌ക്കെതിരേ മൊഴി നല്‍കിയത്.
റോയ് തോമസിന്റേത് ഉള്‍പ്പെടെ ആറു കൊലപാതകങ്ങള്‍ നടത്തിയെന്ന് അമ്മ തന്നോട് സമ്മതിച്ചുവെന്നാണ് റെമോ മൊഴി നല്‍കിയത്. റോയ് തോമസിന്റെ അമ്മയും തന്റെ മുത്തശ്ശിയുമായ അന്നമ്മയെ ആട്ടിന്‍ സൂപ്പില്‍ വളം കലക്കി കൊടുത്തു. മറ്റുള്ളവര്‍ക്ക് ഭക്ഷണത്തിലും വെള്ളത്തിലും സയനൈഡ് കലക്കി കൊടുത്തും കൊലപ്പെടുത്തി. ഇക്കാര്യം മാതാവ് തന്നോട് കുറ്റസമ്മതം നടത്തിയെന്ന് റെമോ പറഞ്ഞു.
ഷാജി എന്ന എംഎസ്. മാത്യു ആയിരുന്നു സയനൈഡ് എത്തിച്ചു നല്‍കിയത്. പ്രജികുമാറാണ് ഷാജിയ്ക്ക് സയനൈഡ് കൈമാറിയത്. ഇക്കാര്യം അമ്മ തന്നോട് പറഞ്ഞിട്ടുണ്ട്. എന്‍ഐടിയിലാണ് ജോലി ചെയ്യുന്നത് എന്നാണ് ആദ്യം പറഞ്ഞിരുന്നത്.
എന്‍ഐടി കാന്റീനില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങി തന്നിരുന്നതായും പറഞ്ഞു. കേസില്‍ പോലീസ് ചോദ്യം ചെയ്ത ശേഷം ഇക്കാര്യങ്ങള്‍ അമ്മയോട് ചോദിച്ചപ്പോള്‍ എന്‍ഐടിയില്‍ പോയി സമീപത്തെ ബ്യൂട്ടി പാര്‍ലറിലും ടൈലറിംഗ് കടയിലും ഇരിക്കുകയായിരുന്നുവെന്ന് അമ്മ സമ്മതിച്ചു. അമ്മ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ താന്‍ പോലീസിന് ഹാജരാക്കി കൊടുത്തിട്ടുണ്ട്.
തന്നോടും അമ്മയോടും അനുജനോടും അച്ഛന്‍ റോയ് തോമസിന് സ്നേഹവും കരുതലും ഉണ്ടായിരുന്നെന്നും റെമോ മൊഴി നല്‍കി. റോയ് തോമസുമായുള്ള വിവാഹം കഴിഞ്ഞ് പൊന്നാമറ്റം വീട്ടിലെത്തിയപ്പോള്‍ എംകോം ബിരുദധാരി ആണെന്നാണ് ജോളി എല്ലാവരോടും പറഞ്ഞിരുന്നതെന്ന് കേസിലെ രണ്ടാം സാക്ഷിയും റോയ് തോമസിന്റെ സഹോദരനുമായ റോജോ തോമസ് മൊഴി നല്‍കി.
Post a Comment