ഇരിട്ടി: നഗരത്തിൽ കുരുക്കില്ലാ യാത്രയ്ക്കു വഴി ഒരുക്കാൻ നഗരസഭാ ട്രാഫിക് കമ്മിറ്റി 25 ദിവസം മുൻപ് മുന്നറിയിപ്പ് നൽകിയത് അനുസരിച്ചുള്ള സമഗ്ര ട്രാഫിക് പരിഷ്കരണം ഇന്ന് മുതൽ കർശനമായി നടപ്പിലാക്കും. അലക്ഷ്യമായ പാർക്കിങ്ങും അനധികൃത കച്ചവടവും ഇനി മുതൽ നടക്കില്ല.
ടൗണിലെ പാർക്കിങ് സംവിധാനം ക്രമീകരിക്കാൻ പഴയ പാലം റോഡിൽ നിലവിലുള്ള പേ – പാർക്കിങ് സംവിധാനത്തിനു പുറമേ സ്വകാര്യ മേഖലയിൽ പുതിയ ഒരു പേ – പാർക്കിങ് കേന്ദ്രം കൂടി തുടങ്ങി. ഇരിട്ടി പാലം മുതൽ പയിഞ്ചേരിമുക്ക് വരെ അലക്ഷ്യമായും ദിവസം മുഴുവനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു നിരോധിച്ചു. ഇത്തരം വാഹന ഉടമകൾ നിർബന്ധമായും പേ – പാർക്കിങ് സംവിധാനം ഉപയോഗിച്ച് വാഹനം പാർക്ക് ചെയ്യണം.
ഇരിട്ടി പട്ടണത്തിലെ കച്ചവടക്കാരുടെയും കടകളിൽ ജോലി ചെയ്യുന്നവരുടെയും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ടൗണിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കി പേ – പാർക്കിങ് കേന്ദ്രത്തിലേക്ക് മാറ്റണം. ടൗണിൽ നഗരസഭ ഏർപ്പെടുത്തിയ സൗജന്യ സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങളിൽ 1 മണിക്കൂറിൽ കൂടുതൽ സമയം വാഹനങ്ങൾ നിർത്തിയിട്ടാൽ പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
ഇരിട്ടി പാലം മുതൽ പയഞ്ചേരിമുക്ക് വരെയുള്ള ഫുട്പാത്ത് കയ്യേറി നടത്തുന്ന കച്ചവടവും ടൗണിലെ സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങളും മറ്റും കയ്യേറി നടത്തുന്ന അനധികൃത വഴിയോര കച്ചവടവും നാളെ മുതൽ നടപടിക്ക് കാരണമാകും. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പൂച്ചെടികൾ നശിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരം നിയമവിരുദ്ധ കാര്യങ്ങളിൽ പൊലീസ് നിയമ നടപടികൾ സ്വീകരിക്കുന്നതിനു തിരുമാനിച്ചതായും അധികൃതർ വ്യക്തമാക്കി.
കർശന നടപടി: അധികൃതർ
ഇരിട്ടിയെ മാതൃകാ നഗരമാക്കാനുള്ള ശ്രമങ്ങളോടു സഹകരിക്കണമെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ ആവശ്യമായ ബോധവൽക്കരണ സമയം കൂടി നൽകിയതിനാൽ കർശന നടപടി ഉണ്ടാകുമെന്നും നഗരസഭാ അധ്യക്ഷ കെ.ശ്രീലത, ഇരിട്ടി ജോയിന്റ് ആർടിഒ ബി.സാജു, ഇരിട്ടി സിഐ കെ.ജെ.വിനോയ് എന്നിവർ അറിയിച്ചു.
Post a Comment