മലപ്പുറം: താനൂർ വിനോദയാത്രാ ബോട്ട് അപകടത്തിൽപ്പെട്ട് മരിച്ച ഇരുപത്തിരണ്ട് പേരിൽ ഒമ്പത് പേർ ഒരു കുടുംബത്തിലെ അംഗങ്ങൾ. പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സെയ്തവലിയുടേയും സഹോദരൻ സിറാജിന്റെയും ഭാര്യമാരും മക്കളുമടക്കം ഒമ്പത് പേരാണ് മരിച്ചത്. സൈതലവിയുടെ ഭാര്യ സീനത്ത് (43) മക്കളായ ഹസ്ന ( 18 ), ഷഫല (13) ഷംന(12), ഫിദ ദിൽന (7) സഹോദരൻ സിറാജിന്റെ ഭാര്യ റസീന ( 27 ) മക്കളായ സഹറ, (8) നൈറ (7), ഒന്നര വയസുകാരി റുഷ്ദ എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങൾ ഒന്നിച്ച് കളിച്ച് വളർന്ന വീട്ടിലേക്ക് ഒമ്പത് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം കൊണ്ടുവരും. മരണവാർത്തയറിഞ്ഞ് കണ്ണീർ വാർക്കുകയാണ് കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും. ഈ കുടുംബത്തോട് ചേർന്ന് നിൽക്കുന്ന ബന്ധുക്കൾ കൂടിയായ മറ്റൊരു മൂന്ന് പേരും ബോട്ടപകടത്തിൽ മരിച്ചിട്ടുണ്ട്.
ഈ കുടുംബവുമായി ബന്ധപ്പെട്ട് നിൽകുന്ന അകന്ന ബന്ധുക്കളടക്കം ആകെ പതിനൊന്ന് പേർ മരിച്ചതായി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ ബന്ധുകൂടിയായ ഷാഹുൽ ഹമീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രക്ഷാപ്രവർത്തകർ ഓട്ടോയിൽ കയറ്റിയ കുട്ടികളെ താനാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കഴിഞ്ഞപ്പോഴാണ് സഹോദരിയുടെ മക്കളാണ് മരിച്ചതെന്ന് മനസിലായത്. മൂന്ന് കുട്ടികളും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. പരപ്പരങ്ങാടിയിൽ താമസിക്കുന്ന ഇവർ ഒട്ടുമ്പുറത്തേക്ക് ബോട്ടിൽ വന്നതായിരുന്നുവെന്നും ഷാഹുൽ ഹമീദ് വിശദീകരിച്ചു. ഓട്ടോറിക്ഷ ഓടിക്കുന്ന ഷാഹുൽ ഹമീദ് അപകടവിവരമറിഞ്ഞായിരുന്നു സ്ഥലത്തേക്കെത്തിയത്.
ഞായറാഴ്ച ദിവസമായതിനാൽ കൂടുതൽ പേർ ബോട്ടിൽ ഉല്ലാസയാത്രക്കായി എത്തിയിരുന്നുവെന്നതാണ് കൂടുതൽ ദുരന്തമായത്. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള പത്തിൽ ഏഴ് പേരുടെയും നില ഗുരുതരമാണ്.
Post a Comment