പാലക്കാട് : തിരൂര്‍ സ്വദേശിയായ വ്യാപാരിയെ വെട്ടിനുറുക്കി ട്രോളിബാഗിലാക്കി പാലക്കാട് ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മൃതദേഹം കണ്ടെത്തി. പാലക്കാട് ചുരത്തിലെ ഒമ്പതാം വളവില്‍ മുകളില്‍ നിന്നും താഴേയ്ക്ക് ശക്തിയായി എറിഞ്ഞ നിലയില്‍ രണ്ടു ട്രോളിബാഗുകള്‍ കണ്ടെത്തുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തില്‍ മൃതദേഹം അടങ്ങുന്ന ട്രോളികള്‍ മുകളില്‍ എത്തിച്ചിട്ടുണ്ട്.
മൃതദേഹത്തിന് 7 ദിവസത്തെ പഴക്കമുണ്ടെന്നും മെയ് 18 നും 19 നും ഇടയിലായിരിക്കാം കൊലപാതകം നടന്നിരിക്കുക എന്നുമാണ് പോലീസ് പറയുന്നത്. മലപ്പുറം എസ്.പി. സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചുരത്തിലെത്തിയത്. താഴേയ്ക്ക് എറിഞ്ഞതിന്റെ ആഘാതത്തില്‍ ബാഗ് പലയിടത്തും പൊട്ടി പുറത്തേക്ക് ദ്രാവകം ഒലിക്കുകയും അവയവങ്ങള്‍ പുറത്ത് വരികയും ചെയ്ത നിലയിലായിരുന്നു. ടാര്‍പോളിന്‍ കൊണ്ട് ബാഗ് പൊതിഞ്ഞാണ് മുകളില്‍ എത്തിച്ചത്. പുറത്തെടുത്ത മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.
പ്രതികളായ ഷിബിലിയും ഫര്‍ഹാനയും തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയില്‍ ചെന്നൈയിലാണ്. കൃത്യം നടത്തിയ ശേഷം ഇരുവരും ട്രെയിനിലാണ് തമിഴ്‌നാട്ടിലേക്ക് പോയത്. ഇരുവരേയും അവിടെ നിന്നും ഇന്ന് രാത്രിയോടെ കേരളത്തില്‍ എത്തിക്കും. ഇവര്‍ക്ക് പുറമേ ഷിബിലിയുടെ സുഹൃത്ത് ആഷിക്കും പിടിയലായിട്ടുണ്ട്. മൃതദേഹം ഉപേക്ഷിച്ച സ്ഥലവും ട്രോളിബാഗിനെക്കുറിച്ചുമുള്ള വിവരം ആഷികില്‍ നിന്നുമാണ് പോലീസിന് കിട്ടിയതെന്നാണ് സൂചനകള്‍.
കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്നാണ് കരുതുന്നത്. അതേസമയം ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. പ്രതികളെ ചോദ്യം ചെയ്താല്‍ മാത്രമേ കാരണങ്ങളും കൃത്യം എങ്ങിനെയാണ് നടത്തിയതെന്നും വ്യക്തമാകുകയുള്ളൂ. കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്ന സൂചനയാണ് നല്‍കുന്നത്. പ്രതികളെ ഇന്ന് രാത്രിയോടെ കേരളത്തില്‍ എത്തിക്കുമെന്ന് മലപ്പുറം എസ്.പി. പറഞ്ഞു.
Post a Comment