Join News @ Iritty Whats App Group

വാക്ക് പാലിച്ച് സിദ്ധരാമയ്യ സർക്കാർ, 5 വാഗ്ദാനങ്ങൾക്കും അംഗീകാരം നൽകി ആദ്യ മന്ത്രിസഭാ യോഗം




തിരുവനന്തപുരം: കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്ന വാക്ക് പാലിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് വാഗ്ദാനം ചെയ്ത 5 പദ്ധതികളിലേക്കുളള ആദ്യചുവട് സര്‍ക്കാര്‍ വെച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.

സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന 5 ക്ഷേമ പദ്ധതികള്‍ക്കുമായി 50,000 കോടി രൂപയാണ് വാര്‍ഷിക ചിലവ് കണക്കാക്കിയിരിക്കുന്നത്. പ്രഖ്യാപിച്ച വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാമ്പത്തിക ചിലവ് വലിയ കടമ്പയാണെങ്കിലും സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നിറവേറ്റപ്പെടുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ 5 വാഗ്ദാനങ്ങളും നടപ്പിലാക്കാനുളള ശ്രമം ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. മാത്രമല്ല ഇന്ന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പിറകെ നടത്തിയ പ്രസംഗത്തിലും രാഹുല്‍ ഗാന്ധി ഇത് ആവര്‍ത്തിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയും അധികാരമേറ്റെടുത്തതിന് പിന്നാലെ ഇക്കാര്യം പറഞ്ഞിരുന്നു.

സംസ്ഥാനത്തെ എല്ലാ വീടുകളിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കാനുളള ഗൃഹ ജ്യോതി പദ്ധതി, ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള കുടുംബങ്ങള്‍ക്ക് 10 കിലോ സൗജന്യ അരി ലഭ്യമാക്കുന്ന അന്ന ഭാഗ്യ പദ്ധതി, കുടുംബനാഥകള്‍ക്ക് മാസത്തില്‍ 2000 രൂപ സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ഗൃഹലക്ഷ്മി പദ്ധതി, പൊതുവാഹനങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി, തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് 3000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും സാമ്പത്തിക സഹായം നല്‍കുന്ന യുവനിധി പദ്ധതി എന്നിവയായിരുന്നു കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.

Post a Comment

Previous Post Next Post
Join Our Whats App Group