Join News @ Iritty Whats App Group

എഐ ക്യാമറ; നിയമലംഘനങ്ങൾക്ക് ജൂൺ 5 മുതൽ പിഴയീടാക്കും

തിരുവനന്തപുരം: എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കും. ഈ മാസം 20 മുതൽ പിഴ ഈടാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മുന്നറിയിപ്പ് നോട്ടിസ് നൽകുന്നത് ഒരു മാസം കൂടി തുടരാനാണ് പുതിയ തീരുമാനം. റോഡ് ക്യാമറ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം. അതേസമയം, മാതാപിതാക്കൾക്കൊപ്പം കുട്ടികളെ കൊണ്ടുപോകുമ്പോൾ ഇളവ് നൽകുന്നതിൽ തീരുമാനമായില്ല.റോഡ് ക്യാമറ പദ്ധതി കഴിഞ്ഞ മാസം 20ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തെങ്കിലും 19 വരെ പിഴയീടാക്കാതെ ബോധവൽക്കരണമാണ് ഉദ്ദേശിച്ചിരുന്നത്.

ഇതിനിടെയാണ് ക്യാമറ സ്ഥാപിക്കലിൽ അഴിമതി ആരോപണവും തുടർ വിവാദവുമുണ്ടായത്. ഇരുചക്ര വാഹനങ്ങളിൽ പോകുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടിക്ക് 3 പേർ യാത്ര ചെയ്യുമ്പോൾ ചുമത്തുന്ന പിഴയീടാക്കുമെന്ന വ്യവസ്ഥയിൽ ഇളവു വേണമെന്ന് വ്യാപകമായി ആവശ്യവും ഉയർന്നിരുന്നു. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിക്കു പിഴയീടാക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യവും ഉയർന്നു. ഇക്കാര്യത്തിൽ കേന്ദ്രനിയമത്തിലെ വ്യവസ്ഥയിൽ ഇളവുവരുത്തണമെന്നായിരുന്നു ആദ്യം ഗതാഗതവകുപ്പ് വിശദീകരിച്ചതെങ്കിലും സംസ്ഥാന സർക്കാർ തന്നെ ഈ ഇളവ് കൊണ്ടുവരുന്ന കാര്യത്തിലാണ് തീരുമാനം നീളുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group