തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറം വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മണമ്പൂർ സ്വദേശി ചിത്തിര എന്ന് വിളിക്കുന്ന അനു (23) ആണ് മരിച്ചത്. അനുവിന്റെ നാലു ദിവസം പ്രായമായ പെൺകുഞ്ഞും അമ്മയും മരിച്ചിരുന്നു. പ്രസവം കഴിഞ്ഞ് ഓട്ടോ റിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെ എസ് ആർ ടി സി ബസ്സിടിച്ച് വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.
കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരിച്ചത്. കുഞ്ഞിന്‍റെ അമ്മയും അച്ഛനും പരിക്കേറ്റ് ചികിത്സയിലാണെന്നാണ് വിവരം.
അതേസമയം കോഴിക്കോട് നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു എന്നതാണ്. ആരാമ്പ്രം കാഞ്ഞിരമുക്ക് റോഡിൽ മുച്ചക്ര വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ റഷീദ് (മുഹമ്മാലി-49) ആണ് മരിച്ചത്.
കിഴക്കോത്ത് പരപ്പാറ ഒതേയോത്ത് സ്വദേശിയാണ് മരണമടഞ്ഞ റഷീദ്. ഈ മാസം 12 ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. അന്നേ ദിവസം രാവിലെ പതിനൊന്നരയോടെ കിഴക്കോത്ത് സർവ്വീസ് സഹകരണ ബാങ്ക് വളം ഡിപ്പോ കേന്ദ്രത്തിന് മുന്നിൽ വെച്ചായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റഷീദിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.
Post a Comment