ഇടുക്കി: കമ്പം ടൗണിലെത്തി ഭീതി പടർത്തി അരിക്കൊമ്പൻ. തമിഴ്നാട് വനമേഖലയുടെ അടിവാരത്തിലൂടെ ലോവർ ക്യാമ്പ് വഴി ഇന്ന് രാവിലെയോടെയാണ് ആന ജനവാസ മേഖലയിൽ എത്തിയത്. നാട്ടുകാർ ബഹളം വെച്ചതോടെ ടൗണിലൂടെ ആന ഓടിപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനിടയിൽ ആന നിരവധി വാഹനങ്ങൾ തകർത്തെന്നാണ് റിപ്പോർട്ട്. ആനയെ കണ്ട് ഭയന്നോടിയ മൂന്ന് പേർക്ക് വീണ് പരിക്കേറ്റതായും വിവരമുണ്ട്. നേരത്തേ ഉണ്ടായിരുന്ന ചിന്നക്കനാൽ ഭാഗത്തേക്കാണ് അരിക്കൊമ്പൻ നീങ്ങുന്നതെന്നാണ് സൂചന.
ചിന്നക്കനാലിൽ നിന്നും പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് തുറന്നുവിട്ട അരിക്കൊമ്പൻ വ്യാഴാഴ്ച രാത്രിയോടെയാണ് ജനവാസ മേഖലയ്ക്ക് സമീപത്തേക്ക് എത്തിയത്. റോസാപ്പൂക്കണ്ടം ഭാഗത്തായിരുന്നു അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ഇതോടെ തമിഴ്നാട് വനപാലകർ ശബ്ദമുണ്ടാക്കി ആനയെ തുരത്താൻ നോക്കി. എന്നാൽ ആന പ്രദേശത്ത് നിന്ന് മാറിയില്ല. ഇതോടെ നിരവധി തവണ വനപാലകർ ആകാശത്തേക്ക് വെടിയുതുർക്കുകയും ചെയ്തു. ഒടുവിൽ പുലർച്ചെ രണ്ട് മണിയോടെ ജനവാസന മേഖലയിൽ നിന്നും കാടിൻറെ മറ്റൊരു ഭാഗത്തേക്ക് ആന നീങ്ങി പോയി.
എന്നാൽ ഇന്ന് രാവിലെയോടെ ആന കമ്പം ടൗണിലേക്ക് ഇറങ്ങുകയായിരുന്നു. നാട്ടുകാർ ബഹളം വെച്ചതോടെ അരിക്കൊമ്പൻ ഓടി. ഇതിനിടയിൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള അഞ്ച് വാഹനങ്ങളാണ് ആന തകർത്തത്. ആന കമ്പംമേട് ഭാഗത്താണ് ഇപ്പോൾ ഉള്ളത്. ചിന്നക്കനാലിലേക്ക് ഇവിടെ നിന്ന് 88 കിലോമീറ്ററാണ് ഉള്ളത്. കമ്പംമേടിൽ നിന്നും രാമക്കൽ മേടും അത് കഴിഞ്ഞ് മതികെട്ടാൻ ചോലയും കഴിഞ്ഞാലാണ് ചിന്നക്കനാൽ. ഈ സാഹചര്യത്തിൽ അരിക്കൊമ്പന്റെ അടുത്ത നീക്കം ജാഗ്രതയോടെയാണ് വനംവകുപ്പ് അധികൃതർ നിരീക്ഷിക്കുന്നത്.
ആന തിരിച്ചെത്തിയ സാഹചര്യത്തിൽ തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ചേക്കുമെന്നാണ് സൂചന. തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ സർക്കാർ മയക്കുവെടി വെച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
അതേസമയം നിലവിൽ ആശങ്കവേണ്ടെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിലേക്ക് ഇന്ന് രാത്രിയോടെ തന്നെ മടങ്ങിയെത്താനുള്ള സാധ്യത ഉണ്ടന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്. അരിക്കൊമ്പന്റെ നീക്കം കേരള വനംവകുപ്പ് ഉദ്യോഗസ്ഥരും നിരീക്ഷിക്കുന്നുണ്ട്.
ചിന്നക്കനാലിൽ നിന്ന് ഏപ്രിൽ 29 നായിരുന്നു അരിക്കൊമ്പനെ മയക്കുവെടിവച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം ഇറക്കിവിട്ടത്. എന്നാൽ കൊണ്ടുവിട്ട വഴിയിലൂടെ തന്നെ ആന തിരിച്ചെത്തുകയായിരുന്നു.
Post a Comment