Join News @ Iritty Whats App Group

കൊവിഡ് തരംഗം രൂക്ഷമായ 2021ല്‍ കേരളത്തിലെ മൊത്തം മരണങ്ങളിലുണ്ടായത് വന്‍വര്‍ധന, കണക്കുകള്‍ പുറത്ത്


തിരുവനന്തപുരം: കൊവിഡ് തരംഗം രൂക്ഷമായി ബാധിച്ച 2021ല്‍ സംസ്ഥാനത്തെ മൊത്തം മരണങ്ങളിലുണ്ടായത് ഭീമമായ വര്‍ധനവെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട്. 2020നേക്കാള്‍ 88,000ത്തിലധികം മരണങ്ങള്‍ 2021ലുണ്ടായി. ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പട്ടികയില്‍പ്പെടാതെ പോയ കൊവിഡ് മരണങ്ങളിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്.

സിവില്‍ രജിസ്‌ട്രേഷന്‍ പ്രകാരം 2021ല്‍ മൊത്തം മരിച്ചത് 3,39,648 പേരാണ്. 2020നേക്കാള്‍ 88,665 പേര്‍ അധികം മരിച്ചു. രണ്ടര ലക്ഷത്തിനും രണ്ടേമുക്കാല്‍ ലക്ഷത്തിനും ഇടയ്ക്കാണ് സംസ്ഥാനത്ത് ഒരു വര്‍ഷമുണ്ടാകാറുള്ള ശരാശരി മരണം എന്നിരിക്കെയാണിത്. 55 വയസിന് മുകളില്‍ പ്രായമുള്ള 77,316 പേരാണ് 2021ല്‍ അധികം മരിച്ചത്. കൊവിഡ് ഗുരുതരമായി ബാധിച്ചതും മരണസംഖ്യ ഉയര്‍ന്നതും ഈ പ്രായക്കാരിലാണ്. 

2020ല്‍ നിന്ന് വ്യത്യസ്തമായി 3896 പേര്‍ ന്യൂമോണിയ കാരണം മാത്രം മരിച്ചു. കൊവിഡിനൊപ്പമാണ് സംസ്ഥാനത്ത് ന്യൂമോണിയ ബാധ കൂടിയത്. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുണ്ടായ തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളുടെ ചിത്രം മൊത്തം മരണത്തിലും വ്യക്തം. 1,10,070 പേര്‍ മൂന്നു ജില്ലകളില്‍ മാത്രം മരിച്ചു. കൊവിഡ് മരണം ഉയര്‍ന്നുനിന്ന സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മൊത്തം മരണവും വിരല്‍ ചൂണ്ടുന്നത് കൊവിഡിലേക്കെന്ന് വിദഗ്ദര്‍ പറയുന്നു. 

അതേസമയം, 2021ല്‍ കൊവിഡ് മരണം 38,979 എന്നാണ് സര്‍ക്കാരിന്റെ കൊവിഡ് ഡാഷ് ബോര്‍ഡിലെ കണക്ക്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മരണം 71,923. അവിടെയാണ് 2021ല്‍ മാത്രമുണ്ടായ 88,665 അധികമരണം പ്രസക്തമാകുന്നത്. തദ്ദേശ തലത്തില്‍ രജിസ്റ്റര്‍ ചെയ്ത കണക്കുമായി പൊരുത്തപ്പെടാത്ത കൊവിഡ് മരണപ്പട്ടിക പിന്നീട് വിവാദങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ പുതുക്കിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group