ന്യൂഡല്‍ഹി: ബാങ്കുകളിൽ നിന്ന് 2000 രൂപയുടെ നോട്ട് മാറ്റിയെടുക്കുന്നതിന് മതിയായ സൗകര്യം ഒരുക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചു. നോട്ട് മാറിയെടുക്കാൻ വരുന്നവർക്ക് കാത്തിരിക്കാൻ പ്രത്യേക സ്ഥലം ഒരുക്കണം. കനത്ത വേനൽ കണക്കിലെടുത്ത് നോട്ട് മാറാൻ എത്തുന്നവർക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചു. ഓരോ ദിവസവും മാറിനൽകുന്ന 2000 രൂപയുടെ കണക്കുകൾ പ്രത്യേകം സൂക്ഷിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചു.
2000 രൂപയുടെ നോട്ട് മാറിയെടുക്കാൻ തിരിച്ചറിയൽ കാർഡ് നൽകേണ്ടതില്ല. 20,000 രൂപ വരെ പ്രേത്യക ഫോം പൂരിപ്പിച്ച് നൽകാതെ തന്നെ മാറിയെടുക്കാം. പൊതുജനങ്ങൾക്ക് നോട്ട് മാറ്റിയെടുക്കാൻ പ്രത്യേക സൗകര്യമൊരുക്കാൻ ബ്രാഞ്ചുകൾക്ക് എസ്.ബി.ഐയും നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ പ്രത്യേക ഫോം പൂരിപ്പിച്ച് നൽകിയായിരുന്നു പണം മാറ്റി വാങ്ങിയിരുന്നത്. കൂടാതെ ഇതിനൊപ്പം തിരിച്ചറിയൽ കാർഡിന്റെ പകർപ്പുണ്ടായിരിക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഫോം പൂരിപ്പിക്കാതെ തന്നെ നോട്ട് മാറിനൽകാമെന്നാണ് എസ്ബിഐ നിർദേശിക്കുന്നത്. ഒരു ദിവസം പരമാവധി 20,000 രൂപയാണ് മാറാൻ സാധിക്കുന്നത്.
രാജ്യത്ത് 2000 രൂപാ നോട്ടുകളുടെ വിനിമയം റിസർവ് ബാങ്ക് അവസാനിപ്പിച്ചിരുന്നു. നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാമെന്നും റിസർവ് ബാങ്ക് അറിയിച്ചിരുന്നു. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം. മേയ് 23 മുതൽ 2000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യം ബാങ്കുകളിൽ ഏർപ്പെടുത്തുന്നുണ്ട്.
Post a Comment